കനത്ത മൂടൽമഞ്ഞ്: ഡൽഹി–ആഗ്ര എക്സ്പ്രസ് വേയിൽ ബസുകളും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം; 4 മരണം

0
10

മഥുര: ഡൽഹി-ആഗ്ര യമുന എക്സ്പ്രസ് വേയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബസുകളും കാറുകളും കൂട്ടിയിടിച്ച് അപകടം. 4 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. 7 ബസുകളും 3 കാറുകളുമാണ് മഥുരയിൽ വച്ച് കൂട്ടിയിടിച്ചത്. ബസുകളിൽ തീപിടുത്തമുണ്ടായത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച കുറഞ്ഞതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടർന്ന് എക്സ്പ്രസ് വേയിൽ ഒരു വശത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു. അപകടം നടന്ന വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് യുപി പൊലീസ് അറിയിച്ചു. 

തിങ്കളാഴ്ച പുലർച്ചെ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇരുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു. പുലർച്ചെ 5 മണിയോടെ നടന്ന അപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. 20 പേർക്ക് ഗുരുതരമായി പരുക്കേറ്റു. കനത്ത മൂടൽമഞ്ഞ് കാരണം ഉത്തരേന്ത്യയിൽ അപകടങ്ങൾ വർധിക്കുകയാണ്.

….