ശ്രീബിത്ത് ഇനി ജീവിക്കും, മൂന്ന് പേരിലൂടെ

0
104

തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച വി കെ ശ്രീബിത്ത് (51) ഇനി മൂന്നുപേരിലൂടെ ജീവിക്കും. കോഴിക്കോട് വടകര എടച്ചേരി സംഗീതം വീട്ടിൽ വി കെ ശ്രീബിത്തിന്റെ കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ്‌ ദാനംചെയ്തത്. കരൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും രണ്ട് നേത്രപടലങ്ങൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലെ രോഗികൾക്കുമാണ് നൽകിയത്. തൈക്കാട് വുമൻ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിലെ ലേ സെക്രട്ടറിയാണ് ശ്രീബിത്ത്.

കഴിഞ്ഞ ഒമ്പത്‌ വൈകിട്ട് 6.30ന് തമ്പാനൂരിലൂടെ നടന്നുപോകുമ്പോൾ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ്‌ ജനറൽ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 13ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം അറിയിച്ചു.

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ (കെ- സോട്ടോ) നേതൃത്വത്തിൽ നടപടി പൂർത്തിയായി. തീവ്രദുഃഖത്തിലും അവയവദാനത്തിന്‌ സന്നദ്ധരായ ബന്ധുക്കൾക്ക്‌ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
ഇരിങ്ങന്നൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക വി ടി സജീനയാണ് ഭാര്യ. മക്കൾ: ഗീതിക (എംബിബിഎസ് വിദ്യാർഥി), ഋതു ഗീത് (ഐഐടി ഖരഗ്പുർ).