ഡൽഹി: യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയിലെ ദീവാപലി ആഘോഷവും. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ വെച്ച് നടന്ന യുനെസ്‌കോയുടെ സാംസ്കാരിക പൈതൃക സംരക്ഷണസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത്തരമൊരു സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നതും ഇതാദ്യമാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗമാണ് മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലേക്ക് ദീപാവലി ആഘോഷത്തെ ഉൾപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ള മുടിയേറ്റ്, കൂടിയാട്ടം എന്നീ സാംസ്‌കാരിക ഇനങ്ങൾക്ക് പുറമെ യോഗ, ദുർഗാപൂജ, കുംഭമേള, ദർഭ നൃത്തം തുടങ്ങി 15 ഇനങ്ങൾ ഇന്ത്യയിൽ നിന്ന് നേരത്തേ തന്നെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
സൈപ്രസിലെ പഴക്കം ചെന്ന വീഞ്ഞായ കമാണ്ടരിയ, ഇറ്റലിയിലെ പാചകം, ഇറാഖിലെ റംസാൻ വിനോദമായ അൽ മുഹൈബി, എത്യോപ്യയിലെ പുതുവർഷാഘോഷമായ ഗിഫാത്ത, ഇൗജിപ്‌തിലെ തെരുവോര ഭക്ഷണവിഭവമായ കൊഷാരി,ഘാനയിലെ നൃത്ത–സംഗീതം ചിലിയിലെ സർക്കസ് പൈതൃകം, ഐസ്‌ലണ്ടിലെ നീന്തൽകുളങ്ങൾ എന്നിവയും ഇൗ വർഷം യുണെസ്‌കോ പട്ടികയിൽ ഇടം പിടിച്ചു.
ഉത്തർപ്രദേശിനെ സംബന്ധിച്ചിടത്തോളം ഈ ബഹുമതി പ്രത്യേകിച്ചും അർത്ഥവത്താണെന്നായിരുന്ന യോഗി ആദിത്യനാഥിന്റെ പ്രതികരണം. ശ്രീരാമന്റെ പുണ്യഭൂമിയായ അയോധ്യയിലാണ് ആദ്യമായി ദീപാവലി ആഘോഷിച്ചതെന്നും യോഗി എക്സിൽ കുറിച്ചു. ഈ നേട്ടം ഇന്ത്യയുടെ സാംസ്കാരിക ശക്തിയെയും അതിന്റെ പാരമ്പര്യങ്ങളുടെ സാർവത്രിക പ്രസക്തിയെയും കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും യോഗിയുടെ പ്രതികരണത്തിൽ പറയുന്നുണ്ട്.