ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ജെഎൻയു മുൻ വിദ്യാർഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ഡിസംബർ 16 മുതൽ 29 വരെ രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും അതേ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് ഇളവ്. ഡൽഹി കർക്കർദൂമ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യ കാലയളവില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്നും, സാക്ഷികളുമായി ബന്ധപ്പെടരുതെന്നും വ്യവസ്ഥയുണ്ട്. വീട്ടിലും വിവാഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കും മാത്രം യാത്രയ്ക്ക് അനുമതി നൽകികൊണ്ടാണ് ജാമ്യം. കേസിൽ അഞ്ച് പ്രതികളുടെ ജാമ്യപേക്ഷ വിധി പറയാൻ മാറിയിരിക്കുകയാണ്.
53 പേരുടെ കൊലപാതകത്തിന് കാരണക്കാരനായി എന്ന് പറഞ്ഞുകൊണ്ടാണ് 2020 സെപ്റ്റംബര്‍ 14ന് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. അതിന് ശേഷം മേല്‍-കീഴ് കോടതികളിലെ ജാമ്യാപേക്ഷ സമര്‍പണവും തുടര്‍ച്ചയായ ജാമ്യ നിഷേധവുമാണ് ഉമറിന് നേരിടേണ്ടി വന്നത്. ഉമറിൻ്റെ പ്രസംഗം കലാപത്തിന് കാരണമായിയെന്നും കോടതി അറിയിച്ചു.
ഡല്‍ഹിയെ കലാപത്തിലേക്ക് നയിച്ച പ്രതിഷേധ പ്രവര്‍ത്തനങ്ങളിലും ഗൂഢാലോചനയിലും പങ്കാളിയായി എന്നതാണ് ഉമര്‍ ഖാലിദിന് നേരെയുള്ള കുറ്റം. ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഗൂഢാലോചനയും കലാപാഹ്വാനവും നടത്തിയെന്നാണ് 2020 നവംബറില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റ് (എഫ്.ഐ.ആര്‍ 59 /2020) പറയുന്നത്.
