ഗാന്ധിനഗർ: പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കിയ യുവാവ് പൊലീസ് പിടിയിൽ. നഖത്രാന മുരു ഗ്രാമത്തിലെ രമേഷ് മഹേശ്വരി (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ആറ് ദിവസമായി രമേഷ് മഹേശ്വരിയെ കാണാനില്ലായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതകവിവരം പുറത്തറിയുന്നത്. ഡിസംബർ രണ്ടിനാണ് രമേഷിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പരാതി നൽകി. സംശയം തോന്നിയ പൊലീസ് കിഷോറിനെ ചോദ്യം ചെയ്തു. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
താനുമായി പ്രണയബന്ധത്തിലാകണമെന്ന ആവശ്യവുമായി കിഷോർ യുവതിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചു. ഇത് യുവതി രമേഷിനെ അറിയിച്ചു. ഇതാണ് ഇരു സുഹൃത്തുക്കൾക്കുമിടയിൽ തർക്കത്തിനിടയാക്കിയത്. സംഭവത്തിൽ അസ്വസ്ഥനായ കിഷോർ രമേഷിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
ഗ്രാമത്തിന് പുറത്തെത്തിച്ച് കിഷോർ രമേഷിനെ കൊല്ലുകയും കത്തി ഉപയോഗിച്ച് ശരീരഭാഗം വിവിധ കഷ്ണങ്ങളാക്കുകയും ചെയ്തു. ചില ശരീര ഭാഗങ്ങൾ കത്തിച്ചു, ബാക്കി ചിലത് കുഴൽകിണറിലും തള്ളിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.
