ബേൺ: മിസ് സ്വിറ്റ്സർലൻഡ് മത്സരത്തിലെ മുൻ ഫൈനലിസ്റ്റായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. 2024 ഫെബ്രുവരിയിൽ വീട്ടിനുള്ളിൽ വച്ച് ഭാര്യ ക്രിസ്റ്റീന ജോക്സിമോവിച്ചിനെ (38), ഭർത്താവ് തോമസ് എന്ന് പേരുള്ള 43 കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു തെളിഞ്ഞതിനെ തുടർന്നാണു ശിക്ഷ. ക്രിസ്റ്റീനയുടെ അവയവങ്ങൾ മുറിച്ചുമാറ്റി അവശിഷ്ടങ്ങൾ സംസ്കരിക്കാൻ ശ്രമിച്ചെന്നും കണ്ടെത്തി.
കത്തിയും മൂർച്ഛയുള്ള ആയുധങ്ങളും ഉപയോഗിച്ചാണു തോമസ് ക്രിസ്റ്റീനയുടെ അവയവങ്ങൾ മുറിച്ചുമാറ്റിയതെന്നാണു പോസ്റ്റ്മോർട്ടം രേഖകളിൽ നിന്നും വ്യക്തമാകുന്നത്. ഗർഭപാത്രം ശരീരത്തിൽ നിന്നും പുറത്തെടുത്ത ശേഷമായിരുന്നു വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ച് ശരീരഭാഗങ്ങൾ മുറിച്ചുമാറ്റിയത്. ചില അവശിഷ്ടങ്ങൾ ശുദ്ധീകരിച്ച് രാസ ലായനിയിൽ ലയിപ്പിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഇടുപ്പെല്ലുകൾ ഒടിച്ചും തല ശരീരത്തിൽ നിന്നു മുറിച്ചുമാറ്റിയും ആയിരുന്നു കൊലപാതകം. അവയവങ്ങൾ മുറിച്ചുമാറ്റുന്നതിനിടയിൽ തോമസ് ഫോണിൽ യൂട്യൂബ് വിഡിയോകൾ കാണുന്നുണ്ടായിരുന്നു. ക്രിസ്റ്റീന കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നും സ്വയം പ്രതിരോധത്തിനായിട്ടാണ് താൻ കൊലപാതകം നടത്തിയതെന്നുമാണ് തോമസ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഫൊറൻസിക് വിദഗ്ധർ ഇതു സംബന്ധിച്ച തെളിവുകളൊന്നും കണ്ടെത്തിയില്ല.
