ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആൺ സുഹൃത്ത്, വഴക്കുണ്ടായപ്പോൾ‌ കല്ലെടുത്ത് തലയ്ക്കടിച്ചു

0
5

കൊച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടെ ആൺ സുഹൃത്ത് അറസ്റ്റില്‍. ചിത്രപ്രിയയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചുവെന്നാണ് വിവരം. മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോള്‍ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്നാണ് അലന്‍ പൊലീസിനോട് പറഞ്ഞത്.

ചിത്രപ്രിയ അലനോടൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. രണ്ട് ദിവസമായി ചിത്രപ്രിയക്കു വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തവും പുരണ്ടിരുന്നു. ഇതോടെ വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപാതകം നടത്തിയതാകാം എന്ന നിഗമനത്തിൽ‌ പൊലീസ് ഇന്നലെ എത്തിയിരുന്നു. 

മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ടായിരുന്നു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

അതുകൊണ്ടു തന്നെ സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചിത്രപ്രിയയെ കാണാതാകുന്നതിനു മുൻപ് ഫോണിൽ സംസാരിച്ചവരാണ് കസ്റ്റഡിയിലായത്.