കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേയുള്ളത് ശബ്ദിക്കുന്ന തെളിവുകളാണെന്നും അപ്പീലിൽ പൂട്ടാനാകുമെന്നുമുള്ള പ്രതീക്ഷയിൽ പ്രോസിക്യൂഷൻ തയ്യാറെടുപ്പ് തുടങ്ങി. ദിലീപിനെതിരേ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാകുന്ന തെളിവുകൾ ശരിയായി വിലയിരുത്തുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീൽ നൽകുക.
വിചാരണക്കോടതി ഉത്തരവ് പുറത്തുവന്നാൽ മാത്രമേ എന്തുകൊണ്ട് ദിലീപിനെ കുറ്റവിമുക്തനാക്കി എന്ന് വ്യക്തമാകുകയുള്ളൂ. പ്രധാനമായും 19 തെളിവുകളാണ് ദിലീപിനെതിരേ പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ നൽകിയത്.
ഒന്നാംപ്രതിയായ പൾസർ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം നിഷേധിക്കുന്ന ഫോട്ടോ അടക്കം ഉണ്ടെന്ന് പ്രോസിക്യൂഷൻ പറയുന്നു. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന്റെ കൈവശം എത്തിയിട്ടുണ്ടെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഹാജരാക്കാനായെന്നും പ്രോസിക്യൂഷൻ അവകാശപ്പെടുന്നു.
ദിലീപിന്റെ സഹോദരന്റെ മൊബൈലിൽനിന്ന് ലഭിച്ച നാല് പേജ് നോട്ടിൽ മെമ്മറി കാർഡിലെ വിവരം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപിന്റെ കൈവശം എത്തി എന്നതിന്റെ വ്യക്തമായ തെളിവാണിത്.
തന്റെ മൊബൈൽഫോണിലെ തെളിവ് നശിപ്പിക്കാൻ ദിലീപ് മുതിർന്നതിന്റെ സാക്ഷികളെയും ജുഡീഷ്യൽ ഓഫീസർമാരെയും സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവുകളും ഹാജരാക്കിയതായും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.





