‘രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു തള്ളും’: നടി റിനിക്ക് വധഭീഷണി

0
143

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ആദ്യമായി പൊതുശ്രദ്ധയിൽ കൊണ്ടുവന്ന നടിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജിന് വധഭീഷണി. ‘രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു തള്ളും’ എന്നായിരുന്നു റിനിയുടെ വടക്കൻ പറവൂരിലെ വീടിനു മുന്നിലെത്തി രണ്ടു പേർ ഭീഷണി മുഴക്കിയത്. പിന്നാലെ റിനി പൊലീസിൽ പരാതി നൽകി. ഇനിയും ഇത്തരം ശ്രമങ്ങളുണ്ടാവുമെന്നാണ് കരുതുന്നതെന്നും എന്നാൽ ഭയപ്പെടുന്നില്ലെന്നും റിനി പറഞ്ഞു. 

ഇന്നലെ രാത്രി ഒമ്പതു മണിയോടെ ഒരു വ്യക്തി വീടിനു മുന്നിലെത്തി ഗെയ്റ്റ് തുറക്കാൻ ശ്രമിച്ചെന്ന് റിനി പറയുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി വന്നപ്പോൾ അയാൾ സ്കൂട്ടറുമെടുത്ത് സ്ഥലം വിട്ടു. അതത്ര കാര്യമാക്കിയില്ലെന്നും എന്നാൽ 10 മണിയോടെ മറ്റൊരാൾ വീടിനു മുന്നിലെത്തി ഭീഷണി മുഴക്കുകയായിരുന്നുവെന്നും റിനി പറഞ്ഞു.  

‘‘രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ നിന്നെ കൊന്നുതള്ളുമെന്നായിരുന്നു ഭീഷണി. അതിനൊപ്പം കുറെ അസഭ്യങ്ങളും വിളിച്ചു പറഞ്ഞു. പിന്നാലെ അയാൾ  ബൈക്ക് എടുത്തു പോയി. ഹെൽമെറ്റ് വച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ല’’– റിനി പറഞ്ഞു. ഇന്ന് രാവിലെയാണ് റിനി പൊലീസിൽ പരാതി നൽകിയത്.