ഇറാനെ ആക്രമിക്കാൻ യുഎസ് ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

ഡൽഹി: ഇറാനെ ആക്രമിക്കാൻ യുഎസ് തങ്ങളുടെ തുറമുഖങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ട് തള്ളി ഇന്ത്യ. ഇറാനെതിരായ യുദ്ധത്തിൽ യുഎസ് ഇന്ത്യൻ നാവിക താവളങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് മുൻ യുഎസ് ആർമി കേണൽ ഡഗ്ലസ് മക്ഗ്രെഗർ യുഎസ് ആസ്ഥാനമായുള്ള വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ പരാമർശിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഈ പ്രതികരണം.

“നമ്മുടെ എല്ലാ താവളങ്ങളും നശിപ്പിക്കപ്പെട്ടു. നമ്മുടെ തുറമുഖ സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടു. നമ്മൾ യഥാർത്ഥത്തിൽ ഇന്ത്യയേയും ഇന്ത്യൻ തുറമുഖങ്ങളേയും ആശ്രയിക്കേണ്ടി വരും. അത് അത്ര നല്ലതല്ല. എങ്കിലും നാവികസേന പറയുന്നത് അതാണ്,” എന്നാണ് കേണൽ ഡഗ്ലസ് മക്ഗ്രെഗർ അഭിമുഖത്തിൽ പറയുന്നത്.

അതേസമയം, വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്ക് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഫാക്ട് ചെക്ക് വിഭാഗം എക്സിലൂടെ വെളിപ്പെടുത്തി. ഈ വീഡിയോ ഫേക്ക് ആണെന്നും തെറ്റിദ്ധരിപ്പിക്കുന്നത് ആണെന്നും മന്ത്രാലയം അറിയിച്ചു.

നേരത്തെ പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചിരുന്നു. എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചിരുന്നു.