ഗോൾഡൻ വിസയുമായി ദുബായ് എമിഗ്രേഷൻ ഇന്ത്യയിൽ; സംരംഭകർക്ക് ദീർഘകാല സുരക്ഷയും സുവർണാവസരവും

0
135

ദുബായ്: യുഎഇയുടെ ആകർഷകമായ ഗോൾഡൻ വീസ സംവിധാനത്തെ ഇന്ത്യയിലെ ആഗോള നിക്ഷേപകർക്കും സംരംഭകർക്കും പരിചയപ്പെടുത്തി ദുബായ് എമിഗ്രേഷൻ. മികച്ച പ്രതിഭകളെയും സംരംഭകരെയും യുഎഇയിലേക്ക് ആകർഷിക്കുന്നതിൽ ഈ പദ്ധതി വഹിക്കുന്ന നിർണായക പങ്ക് ഊന്നിപ്പറഞ്ഞാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ ദുബായ്)  ന്യൂഡൽഹിയിൽ നടന്ന ‘ഡിജിഇഎംഎസ്  2025 ഫോർബ്സ് ഇന്ത്യ’ ഉച്ചകോടിയിൽ വിശദാംശങ്ങൾ പങ്കുവച്ചത്. യുഎഇയുടെ വീസ സംവിധാനങ്ങളെക്കുറിച്ചും അതിനൂതന ഡിജിറ്റൽ സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ പകർന്നുനൽകി.

ജിഡിആർഎഫ്എ ദുബായിയെ പ്രതിനിധീകരിച്ച് മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. നജ് ല ഒമർ അൽ ദുഖി ചടങ്ങിൽ പ്രസംഗിച്ചു. മികച്ച ആഗോള പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിൽ ഗോൾഡൻ വീസ പദ്ധതി വലിയ പങ്കാണ് വഹിക്കുന്നതെന്ന് അവർ പറഞ്ഞു. നിക്ഷേപകർക്കും സംരംഭകർക്കും ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതിലൂടെ ദുബായിയെ ഒരു ‘ഗ്ലോബൽ ബിസിനസ് ഇന്നൊവേഷൻ ഹബ്ബായി’ മാറ്റുന്നതിൽ ഈ വീസ മാതൃക പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

അത്യാധുനിക ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിച്ച് സംരംഭക യാത്ര ലളിതമാക്കുകയും ബിസിനസ് വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ദുബായുടെ നയം രാജ്യത്തെ ഭാവി സാധ്യതകളുടെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ്. ഇത് യുഎഇയുടെ സാമ്പത്തിക ചലനാത്മകതയെ പുതിയ ഉയരങ്ങളിലെത്തിക്കും. ലോകത്തിലെ ഏറ്റവും ആകർഷകമായ നിക്ഷേപ-സംരംഭക കേന്ദ്രങ്ങളിൽ ഒന്നായി ദുബായ് മാറിക്കഴിഞ്ഞുവെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത വിവിധ പ്രതിനിധികളും അഭിപ്രായപ്പെട്ടു.