റിയാദ്: ആഗോള രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സൗദി ഈ വർഷം ചെലവിട്ടത് 14,200 കോടി ഡോളർ. 173 രാജ്യങ്ങളിലായി 8,406 മാനുഷിക, ദുരിതാശ്വാസ, വികസന പദ്ധതികൾക്കായാണ് ഇത്രയും തുക ചെലവഴിച്ചതെന്ന് കിങ് സൽമാൻ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ വർക്ക് സെന്ററിന്റെ (കെഎസ് റിലീഫ്) സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു. ഇത് സൗദിയെ അറബ് ലോകത്തെ ഒന്നാമതും ആഗോളതലത്തിൽ ഏറ്റവും വലിയ ദാതാക്കളിൽ മുൻനിര രാജ്യവുമാക്കി മാറ്റി.
ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും മാർഗനിർദേശപ്രകാരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഗണ്യമായി വർധിപ്പിച്ചതായും കൂട്ടിച്ചേർത്തു. 2015-ൽ സ്ഥാപിതമായ കെഎസ് റിലീഫിലൂടെ മാത്രം109 രാജ്യങ്ങളിൽ ആരോഗ്യ, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ജലം ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ 825 കോടി ഡോളറിലധികം മൂല്യമുള്ള 3,881 പദ്ധതികൾ നടപ്പിലാക്കി.
