അബുദാബി: കുട്ടികളെ ഏറ്റെടുത്തു വളർത്തുന്നതിന് വിദേശികൾക്കും അവസരമൊരുക്കി യുഎഇ. പുതിയ നിയമപ്രകാരം 25 വയസ്സിൽ കൂടുതലുള്ള വിദേശ ദമ്പതികൾക്കും 30 വയസ്സിനു മുകളിലുള്ള അവിവാഹിതരായ വിദേശ വനിതകൾക്കും കുട്ടികളെ ഏറ്റെടുത്തു വളർത്താം. ഇവരുടെ ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് നിയമഭേദഗതി.
പേരും മതവും മാറ്റരുത്
കുട്ടിയുടെ യഥാർഥ പശ്ചാത്തലവും വംശപരമ്പരയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുട്ടിയുടെ വ്യക്തിത്വമോ പേരോ വിശ്വാസങ്ങളോ മാറ്റില്ലെന്ന് രേഖാമൂലം സമ്മതിക്കണം. ഇതു ദത്തെടുക്കലല്ലെന്നും ഇസ്‌ലാമിക നിയമപ്രകാരമുള്ള വളർത്തൽ (കഫാല) സംവിധാനമാണെന്നും അധികൃതർ വിശദീകരിച്ചു.
യഥാർഥ കുടുംബപ്പേരും വംശപരമ്പരയും നിലനിർത്താൻ കുട്ടിക്ക് അവകാശമുണ്ട്. വളർത്തമ്മ/വളർത്തച്ഛൻ എന്നിവരിൽ നിന്ന് സ്വത്തവകാശം സ്വയമേധയാ ലഭിക്കില്ല. വളർത്തുകുടുംബം സമഗ്ര പരിചരണം നൽകുമെങ്കിലും അധികാരികളുടെ മേൽനോട്ടത്തിലായിരിക്കും ക്രമീകരണം.
വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ കരാർ റദ്ദാക്കും. കുട്ടികളെ വളർത്താൻ താൽപര്യമുള്ളവർ പ്രാദേശിക അധികാരികൾക്കോ കമ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രാലയത്തിനോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിച്ചാൽ പശ്ചാത്തല, ഭവന, വൈദ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും നടപടി.
നിബന്ധനകൾ
∙ വിദേശ ദമ്പതികൾ യുഎഇയിൽ താമസിക്കുന്നവരാകണം
∙ കുട്ടിയെ സംരക്ഷിക്കുന്നതിന് ആവശ്യമായ സാമ്പത്തിക ശേഷിയുണ്ടെന്നും തെളിയിക്കണം.
∙ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളോ മാനസിക വൈകല്യങ്ങളോ ഇല്ലാത്തവരുമാകണം.
∙ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരാകരുത്.





