റിയാദ്: മുസ്‌ലിം സമുദായത്തിലെ വ്യത്യസ്ത ആശയക്കരുടെ പൊതു കൂട്ടായ്മയാണ് മുസ്‌ലിം ലീഗ് എന്നും ലീഗിനെ പഠിച്ച് നെഞ്ചോട് ചേര്‍ക്കണമെന്നും യുവ പണ്ഡിതനും പ്രഭാഷകനുമായ ജംഷീർ അലി ഹുദവി കിഴിശ്ശേരി പറഞ്ഞു. മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ സമുദായത്തിന്റെ പൊതു നേതാവാണെന്നും നേതൃത്വത്തെ അനുസരിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സ്ഥാനത്തിന് പിറകെ പോവാതെ സത്യസന്ധമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാദ് – കോട്ടക്കല്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ‘സ്ട്രോങ്ങ് സിക്സ് മൊയ്‌സ്’ കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്ഥാനം കിട്ടാതെ വന്നാല്‍ പാര്‍ട്ടി വിടുന്നവര്‍ ആശയപരമായി ലീഗുകാര്‍ അല്ല. ലീഗിന്റെ അടിസ്ഥാന ആശയം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ അധികാര സ്ഥാനങ്ങള്‍ക്ക് വേണ്ടി മത്സരിക്കില്ല. മരണ ശേഷം ജനങ്ങള്‍ നല്ലത് പറയുന്ന രീതിയിലാവണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വിവിധ വകുപ്പുകളും മുഖ്യമന്ത്രി സ്ഥാനവും വഹിച്ച സി. എച്ച് മുഹമ്മദ് കോയ സാഹിബ് രാഷ്ട്രീയത്തിലെ സൂഫി വര്യന്‍ ആയിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. തന്റെ ആരോഗ്യം പോലും വക വെക്കാതെ സമുദായ പുരോഗതിക്കും നാടിന്റെ പുരോഗതിക്കും വേണ്ടി അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു. സി. എച്ചിന്റെ ആത്മീയതയും ആത്മാര്‍ത്ഥതയും ലീഗ് പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളണം.
ലീഗ് നേതാവായിരുന്ന സീതി സാഹിബ് നിരവധി കോളേജുകള്‍ സ്ഥാപിച്ചു കൊണ്ട് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സി. എച്ചിന്റെയും സീതി സാഹിബിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടർച്ച വേണം. പുതിയ കാലത്ത് ബൈതു റഹ്‌മ പദ്ധതിക്ക് പകരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലെയുള്ളവ ആരംഭിക്കാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ പണം ചെലവഴിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
പുതു തലമുറയില്‍ ലഹരി മാഫിയ പിടി മുറുക്കിയിരിക്കുക യാണെന്നും പ്രവാസി രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും ഹുദവി പറഞ്ഞു. സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഇക്കാലത്ത് രക്ഷിതാക്കള്‍ കാലോചിതമായി മാറണമെന്നും പുതു തലമുറയെ അകറ്റാതെ അവരെ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആനുകാലിക വിഷയങ്ങള്‍ നര്‍മ്മം ചേര്‍ത്ത് സ്വതസ്സിദ്ധമായ ശൈലിയില്‍ ഹുദവി നടത്തിയ പ്രഭാഷണം നിറഞ്ഞ സദസ്സിന് ഏറെ ഇഷ്ടപ്പെട്ടു.
ബത്ഹ ഡി- പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ ഉദ്ഘാടനം ചെയ്തു.സ്ട്രോങ്ങ് സിക്സ് മൊയ്‌സ് കാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ച കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഭാരവാഹികള്‍ളെ അദ്ദേഹം അഭിനന്ദിച്ചു.ജനാധിപത്യ വ്യവസ്ഥയില്‍ തെരെഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണെന്നും ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു. ഡി. എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി കഴിയുന്ന രീതിയില്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടക്കല്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ – നാഷണല്‍ – ജില്ല ഭാരവാഹികളായ ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ശുഐബ് പനങ്ങാങ്ങര, ശരീഫ് അരീക്കോട്, മൊയ്തീന്‍ കുട്ടി പൊന്‍മള, എസ് വൈ എസ് മലപ്പുറം ജില്ല ഭാരവാഹികളായ ബി. എസ്. കെ തങ്ങൾ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
25 വര്‍ഷം പ്രവാസം പൂര്‍ത്തിയാക്കിയ കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നുള്ള 12 പ്രവാസികളെ പരിപാടിയില്‍ വെച്ച് ആദരിച്ചു. ഇവര്‍ക്കുള്ള മെമെന്റോ മണ്ഡലം കെ എം സി സി ഭാരവാഹികള്‍ വിതരണം ചെയ്തു.
കോട്ടക്കല്‍ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു. ഫീസാല്‍ അബ്ദുറഹ്മാന്‍ ഖിറാഅത്ത് നടത്തി. ഷാഫി മാസ്റ്റര്‍ തുവ്വൂർ പരിപാടിയുടെ അവതാരകന്‍ ആയിരുന്നു. നിരവധി കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത
പരിപാടിക്ക് മണ്ഡലം കെഎംസിസി ഭാരവാഹികളായ അബൂബക്കര്‍ സി. കെ പാറ, മൊയ്തീന്‍ കുട്ടി പൂവാട്, ശുഐബ് മന്നാനി കാര്‍ത്തല, ഹാഷിം കുറ്റിപ്പുറം, ദിലൈപ് ചാപ്പനങ്ങാടി, റഷീദ് അത്തിപ്പറ്റ, ജംഷീദ് കൊടുമുടി, ഗഫൂര്‍ കോല്‍ക്കളം,
ഫൈസല്‍ എടയൂര്‍, മുഹമ്മദ് കല്ലിങ്ങല്‍, ഹമീദ് കോട്ടക്കല്‍, ഫാറൂഖ് പൊന്മള, നൗഷാദ് കണിയേരി, യൂനുസ് ചേങ്ങോട്ടൂർ, ഇസ്മായിൽ പൊന്മള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.