റിയാദ്: 1984-ൽ ബഹിരാകാശ ദൗത്യത്തിൽ നിന്ന് മടങ്ങിയെത്തിയ മകൻ സുൽത്താൻ രാജകുമാരനെ സൽമാൻ രാജാവ് സ്വീകരിക്കുന്ന അപൂർവ്വ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. റിയാദ് മേഖലയുടെ ഗവർണറായിരുന്നപ്പോൾ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് തന്റെ മകൻ രാജകുമാരൻ സുൽത്താനെ സ്വീകരിച്ച നിമിഷം രേഖപ്പെടുത്തുന്ന ഒരു അപൂർവ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
ഹിജ്‌റ 1405-ൽ അഥവാ 1984 ൽ ബഹിരാകാശ യാത്രയിൽ നിന്ന് ചരിത്രപരമായ തിരിച്ചുവരവിന് ശേഷം നടന്ന സ്വീകരണമാണ് ഇപ്പോൾ വീണ്ടും വൈറൽ ആയത്. ബഹിരാകാശ ദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ സുൽത്താൻ രാജകുമാരനെ സ്വീകരിക്കാൻ നിരവധി കുടുംബാംഗങ്ങൾ ആണ് സന്നിഹിതരായത്.
പിതാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്, മാതാവ് പരേതയായ സുൽത്താന അൽ സുദൈരി, പരേതരായ ഫഹദ് ബിൻ സൽമാൻ രാജകുമാരൻ, അഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, കൂടാതെ, ബന്ദർ ബിൻ സുൽത്താൻ രാജകുമാരൻ, ബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ എന്നിവരെ വീഡിയോയിൽ കാണാം.
ആദ്യത്തെ അറബ്, മുസ്‌ലിം ബഹിരാകാശയാത്രികനിൽ രാജ്യത്തിന്റെ അഭിമാനം രേഖപ്പെടുത്തുന്നതും സഊദി നേട്ടത്തിന്റെ റെക്കോർഡിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര നിമിഷങ്ങളിൽ ഒന്ന് ഓർമ്മിപ്പിക്കുന്നതുമായ ഒരു അപൂർവ സ്നാപ്പ്ഷോട്ട് ആയാണ് വീഡിയോ പ്രചരിക്കുന്നത്.





