ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി അംഗവും കശ്മീരി ഡോക്ടറുമായ മുസമ്മിലാണെന്ന് റിപ്പോർട്ട്. മുസമ്മിലും കൂട്ടാളികളായ ഉമറും മുസഫറും തങ്ങളുടെ മെഡിക്കൽ പ്രൊഫഷൻ മറയാക്കി ഹരിയാണയിലെ വാടക കെട്ടിടങ്ങളിൽ വൻതോതിൽ സ്ഫോടകവസ്തുക്കളും ആയുധങ്ങളും സംഭരിച്ചിരുന്നതായി സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
ഉമർ ഉൾപ്പെടെയുള്ളവർ ആക്രമണങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ആവശ്യപ്പെട്ടപ്പോഴും മുസമ്മിൽ അതിനെ എതിർത്തു. ഉമറിന്റെ തീരുമാനങ്ങൾ അവിവേകപരവും സംഘത്തെപിടികൂടുന്നതിലേക്കും നയിക്കുമെന്ന് മനസ്സിലാക്കിയ മുസമ്മിൽ ഒരു പിന്തുണാ ശൃംഖല കെട്ടിപ്പടുക്കണമെന്ന് നിർബന്ധം പിടിക്കുകയും പദ്ധതികൾക്ക് നേതൃത്വം നൽകുകയും ചെയ്തതോടെ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ നട്ടെല്ലായി മാറി.
ഡോക്ടർമാർ, എഞ്ചിനീയർമാർ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ തുടങ്ങിയ വിദ്യാസമ്പന്നരായ മുസ്ലീങ്ങളെ റിക്രൂട്ട് ചെയ്യുന്നതിൽ താൻ ബോധപൂർവം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി മുസമ്മിൽ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിൽ സമൂഹത്തിൽ സ്വീകാര്യതയുള്ളവർക്ക് സ്ഥാപനങ്ങളിൽ സംശയം ജനിപ്പിക്കാതെ തന്നെ പ്രവർത്തിക്കാൻ കഴിയുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ആശയങ്ങൾ പ്രചരിപ്പിക്കാനും റിക്രൂട്ട്‌മെന്റിനുമായി ഫർസദാനി ദാറുൽ ഉലൂം ദയൂബന്ദ്, കാഫില-ഇ-ഗുർബ തുടങ്ങിയ ടെലിഗ്രാം ചാനലുകൾ ഇയാൾ ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം.
വിദേശത്ത് നിന്നും കൃത്യം നടത്തുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നതായി സംശയിക്കുന്ന മൻസൂർ, ഹാഷിം, ഉക്കാഷ എന്നിവർ സ്ഫോടക വസ്തുക്കളുടെ സംഭരണം, കൈമാറ്റം, ഒളിപ്പിക്കൽ എന്നിവയിൽ മുസമ്മിലിനും സംഘത്തിനും നിർദേശങ്ങൾ നൽകിയിരുന്നതായാണ് സംശയം. ബുദ്ധിജീവികളായ പുതിയ അംഗങ്ങളാണ് ജിഹാദിന്റെ ഭാവിയെന്ന് ഇവർ മുസമ്മിലിനോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്.





