‘അവനും ഭായ്‌മാരും തമ്മിൽ തർക്കം’; സുഹൃത്തിനെ കൊലപ്പെടുത്തിയത് മദ്യത്തിന്

0
130

കൊച്ചി: കോതമംഗലം വാരപ്പെട്ടിയിൽ യുവാവ് തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ ആദ്യം അന്വേഷണം നീണ്ടത് ഇതര സംസ്ഥാന തൊഴിലാളികളിലേക്ക്. എന്നാൽ, ഇതര സംസ്ഥാനക്കാരുടെ മേൽ കുറ്റം ചുമത്താൻ നോക്കിയ ആൾ തന്നെയാണ് യഥാർഥ കൊലപാതകിയെന്ന് പൊലീസ് പെട്ടെന്നു തിരിച്ചറിഞ്ഞു.

ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോ ജോണി (44)നെ സുഹൃത്ത് കൂറ്റപ്പിള്ളിൽ ഫ്രാൻസിസിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്രാൻസിസ് പിക്കാസ് കൊണ്ട് സിജോയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. ഫ്രാൻസിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിജോയുടെ സംസ്കാരം ഏറാമ്പ്ര സെന്റ് ആന്റണീസ് പള്ളിയിൽ നടന്നു. 

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഫ്രാൻസിസ് പിക്കാസെടുത്ത് സിജോയുടെ തലയിൽ അടിക്കുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. രാത്രി ഒൻപതോടെ സിജോയെ ചോരയൊലിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഭായ്‌മാരും (ഇതര സംസ്ഥാന തൊഴിലാളികളും) സിജോയും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും അവരായിരിക്കാം ആക്രമിച്ചതെന്നുമായിരുന്നു ഫ്രാൻസിസിന്റെ വാദം. 

പ്രാഥമിക അന്വേഷണത്തിൽ തന്നെ ഫ്രാൻസിസ് ആയിരിക്കാം കൊലപാതകത്തിനു പിന്നിലെന്ന് പൊലീസിനു മനസിലായിരുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം തുണികൊണ്ട് മൂടിയിരുന്നു. അടുത്തായി കൊലപാതകത്തിന് ഉപയോഗിച്ച പിക്കാസും കിടപ്പുണ്ടായിരുന്നു. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഫ്രാൻസിസ് എന്നതിനാൽ ചോദ്യം ചെയ്യൽ സാധ്യമായില്ല. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ നടന്ന സംഭവങ്ങൾ വിവരിച്ചത്.