ദേശീയ ദിനം: അവധി പ്രഖ്യാപിച്ച് രാജ്യം, സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി

0
153

അബുദാബി: യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 1, 2 തീയതികളിലാണ് പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി. ഈ അവധി ദിനങ്ങൾക്ക് മുൻപുള്ള ശനിയും ഞായറും (നവംബർ 29, 30) ചേരുമ്പോൾ നാല് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാൻ സാധിക്കും.

മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും ഡിസംബർ 3 ന് പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും. അതേസമയം, സ്വകാര്യമേഖലയുടെ ദേശീയദിന അവധി വൈകാതെ പ്രഖ്യാപിക്കും. 2025 ജനുവരി 1-ന് പ്രാബല്യത്തിൽ വന്ന മന്ത്രിസഭാ തീരുമാനം അനുസരിച്ച് പ്രവൃത്തി ദിവസങ്ങളിൽ വരുന്ന ചില പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ യുഎഇയിൽ അനുമതിയുണ്ട്.

നേരത്തെ ഡിസംബർ 2 , 3  ദിവസങ്ങളായിരുന്നു ഈദ് അൽ ഇത്തിഹാദിന് അവധിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ വർഷം ഈ അവധികൾ ഡിസംബർ 1, 2   ദിവസങ്ങളിലേക്ക് മാറ്റി നൽകിയിരിക്കുകയാണ്. ഈ തീരുമാനം പെരുന്നാൾ അവധികൾക്ക് ബാധകമല്ലെങ്കിലും രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് വർഷം മുഴുവനും തുല്യ എണ്ണം അവധികൾ ഉറപ്പാക്കുന്ന ഏകീകൃത അവധി നയം യുഎഇ നടപ്പാക്കിയിട്ടുണ്ട്.

1971 ഡിസംബർ 2-ന് ഏഴ് എമിറേറ്റുകൾ സംയോജിച്ച് യുഎഇ രൂപീകരിച്ച ചരിത്ര നിമിഷത്തെയാണ് ഈദ് അൽ ഇത്തിഹാദ് എന്ന ഔദ്യോഗിക ആഘോഷം അടയാളപ്പെടുത്തുന്നത്. ഈദ് അൽ ഇത്തിഹാദ് വാരാന്ത്യത്തിൽ അബുദാബി, ദുബായ്, മറ്റ് എമിറേറ്റുകൾ എന്നിവിടങ്ങളിൽ പ്രത്യേക പരിപാടികളും ആഘോഷങ്ങളും ഉണ്ടാകും. സാംസ്കാരിക പ്രദർശനങ്ങൾ, പൈതൃക പരേഡുകൾ, കുടുംബ വിനോദങ്ങൾ, വൈവിധ്യമാർന്ന പാചക വിഭവങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആഘോഷങ്ങളാൽ നഗരങ്ങൾ നിറയും.

ദുബായിൽ, എമിറാത്തി സൂപ്പർ സ്റ്റാർ ബൽഖീസിന്റെ ലൈവ് കൺസേർട്ടുകൾ, കോമഡി ഷോകൾ, തിയേറ്റർ പ്രൊഡക് ഷനുകൾ, കായിക മത്സരങ്ങൾ, ഒപ്പം ആകാശത്ത് വർണ്ണവിസ്മയം തീർക്കുന്ന കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയും താമസക്കാർക്ക് ആസ്വദിക്കാം.