ചൊവ്വാഴ്ച മുതൽ കാലാവസ്ഥയിൽ പൂർണ്ണമായ മാറ്റം; സഊദിയുടെ ഒരു ഭാഗത്ത് മഴയും ശൈത്യവുമുണ്ടാകും

0
125

റിയാദ്: ഈ ആഴ്ചയിലെ കാലാവസ്ഥയിൽ പൂർണ്ണമായ മാറ്റം സംഭവിച്ചതായി ജോർദാനിയൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. മഴയുടെ സാധ്യത വർദ്ധിച്ചുവെന്നും സഊദിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ വലിയ പ്രദേശങ്ങൾ, സിറിയ, ലെബനൻ, പലസ്തീൻ, ജോർദാൻ, ഇറാഖ്, എന്നിവയുൾപ്പെടെയുള്ള മേഖലയെ തുടർച്ചയായി മഴക്കാല കാലാവസ്ഥ ക്രമേണ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിരീക്ഷണ കേന്ദ്രം പറഞ്ഞു.

ഈ ആഴ്ചയിലും അടുത്ത ആഴ്ചയിലും തണുത്ത ശൈത്യകാല കാലാവസ്ഥ ക്രമേണ വർദ്ധിക്കുമെന്നും ശൈത്യകാല മാസങ്ങളിൽ നീണ്ടുനിൽക്കുന്ന മഴക്കാലത്തിന്റെ സൂചനകൾ ഉണ്ടെന്നും കേന്ദ്രം പ്രഖ്യാപിച്ചു. നവംബർ 11 ചൊവ്വാഴ്ച മുതൽ കാലാവസ്ഥാ വ്യതിയാനം പൂർണ്ണമായും ബാധിച്ചു തുടങ്ങുമെന്ന് കേന്ദ്രം പ്രവചിച്ചു. ജസാൻ, അസീർ, അൽ ബഹ, മക്ക മേഖലകളുടെ ചില ഭാഗങ്ങളിൽ നേരിയ മഴ തുടരുമെന്നും തുടർന്ന് ശക്തമായ കാറ്റുണ്ടാകുമെന്നും നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിയുടെ ഇന്നത്തെ കാലാവസ്ഥാ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുമെന്നും അതേസമയം രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ കാലാവസ്ഥ സ്ഥിരമായിരിക്കുമെന്നും പ്രതിദിന റിപ്പോർട്ടിൽ വ്യക്തമാക്കി.