ജിദ്ദ: ഇന്ത്യ-സഊദി ഉഭയകക്ഷി ഹജ് കരാറില്‍ ഒപ്പുവെക്കുന്നതിനു കേന്ദ്ര പാര്‍ലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു ജിദ്ദയിലെത്തി. ജിദ്ദയില്‍ ഞായറാഴ്ച നടക്കുന്ന ഹജ് കോണ്‍ഫറന്‍സിലും എക്‌സിബിഷനിലും പങ്കെടുക്കുന്ന മന്ത്രി ഇന്ത്യ-സൗദി ഉഭയകക്ഷി ഹജ്ജ് കരാറിലും ഒപ്പ് വെക്കും.
ജിദ്ദയിൽ എത്തിയ മന്ത്രിയെ സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, സഊദി ഹജ്, ഉംറ മന്ത്രാലയത്തിലെ മുതിര്‍ന്ന പ്രതിനിധികള്‍ എന്നിവര്‍ ജിദ്ദ വിമാനത്താവളത്തില്‍ മന്ത്രിയെ സ്വീകരിച്ചു.
ഇന്ത്യൻ ഹജ് മിഷൻ — രാജ്യത്തിന്റെ അതിർത്തിക്കപ്പുറത്ത് പ്രവർത്തിക്കുന്ന ഏറ്റവും വലിയ സർക്കാർ സംഘാടന സംവിധാനങ്ങളിൽ ഒന്നായതിനാൽ, സഊദി അധികാരികളുമായി ചേർന്ന് തീർത്ഥാടന സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
ഹജ്ജ് കാര്യങ്ങൾക്കുള്ള ക്രമീകരണങ്ങളുടെയും അടുത്ത ഹജ്ജ് സീസണിനായുള്ള നേരത്തെയുള്ള തയാറെടുപ്പുകളുടെയും ഭാഗമായാണ് ഹജ്ജ്, ഉംറ മന്ത്രാലയം ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതൃത്വത്തെ പങ്കെടുപ്പിച്ച് ഹജ് കോണ്‍ഫറന്‍സും എക്‌സിബിഷനും സംഘടിപ്പിക്കുന്നത്.
ഹജ്ജ്, ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തുന്നതിനും അറിവും അനുഭവങ്ങളും കൈമാറുന്നതിനും തീർഥാടകരുടെയും ഹജ്ജ് കർമ്മം നിർവഹിക്കുന്നവരുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യകളും സംബന്ധിച്ച് ചർച്ചകളും സമ്മേളനത്തിൽ ചർച്ച ചെയ്യും.
ഹജ്ജ് ഉംറയുമായി സേവന മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ, അക്കാദമിക് പ്രമുഖർ, തീർഥാടക കാര്യ ഓഫിസുകളുടെ പ്രതിനിധികൾ, നയതന്ത്ര ദൗത്യങ്ങൾ, പൊതു-സ്വകാര്യ-നോൺ പ്രോഫിറ്റ് മേഖലകളിൽ നിന്നുള്ള നേതാക്കൾ ഉൾപ്പെടെ നിരവധി വ്യക്തികളും പ്രാദേശിക-അന്തർദേശീയ പ്രദർശകരും പങ്കെടുക്കും.





