അൽ ഐൻ: കുടുംബ വീടിന്റെ പ്രവേശന കവാടത്തിനടുത്തുള്ള വെള്ളം നിറഞ്ഞ ടാങ്കിൽ വീണ് ആറുവയസ്സുകാരൻ മരിച്ചു. കളിച്ചുകൊണ്ടിരിക്കെയായിരുന്നു ഈ ദാരുണ സംഭവം. വീടിന് പുറത്ത് സഹോദരിയോടൊപ്പം കളിക്കുകയായിരുന്നു ഇസ എന്ന കുട്ടിയാണ് മരിച്ചത്.
പിതാവ് ജോലിക്ക് പോകുന്നതിനുമുമ്പ് കുട്ടികളെ വീടിനകത്തേക്ക് മാറ്റി വാതിൽ പൂട്ടിയെങ്കിലും, അമ്മ മറ്റു കാര്യങ്ങളിൽ ശ്രദ്ധിച്ചിരിക്കെ ഇരുവരും വീണ്ടും പുറത്തിറങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ വെള്ളം നിറഞ്ഞ ടാങ്കിലേക്ക് വീണ കുട്ടി മുങ്ങുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
സംഭവസമയം താൻ കുട്ടികളോടൊപ്പം കളിക്കുന്നുണ്ടായിരുന്നുവെന്നും ജോലിക്ക് പോകുന്നതിനു മുൻപ് അവരെ അകത്താക്കി ഗേറ്റ് പൂട്ടിയെന്നും ഇമാം കൂടിയായ പിതാവ് പറഞ്ഞു. ഒരു മണിക്കൂർ തികയും മുൻപ് ഭാര്യയുടെ നിലവിളിയോടെയുള്ള ഫോൺ വിളിയാണ് ദുരന്തവാർത്ത അറിയിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.
വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഇസയും സഹോദരിയും പിന്നീട് മുറ്റത്തേക്ക് ഇറങ്ങിയതായി അമ്മ വെളിപ്പെടുത്തി. ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്ന താൻ പെട്ടെന്ന് സഹോദരിയുടെ നിലവിളി കേട്ട് പുറത്തേക്ക് ഓടിച്ചെന്നപ്പോൾ മണ്ണിനടിയിലേക്ക് ഭാഗികമായി പോയ ടാങ്കിൽ മകൻ ഒഴുകി നടക്കുന്നതാണ് കണ്ടതെന്ന് അമ്മ പറഞ്ഞു. അയൽവാസികളുടെ സഹായത്തോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ് ബിൻ ഖാലിദ് പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച ഇസ.





