വർക്കലയിൽ ട്രെയിനിൽ ആക്രമണത്തിനിരയായ പത്തൊൻപതുകാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ കോളേജിലെ ചികിത്സയിൽ തൃപ്തിയില്ലെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി ആരോപിച്ചു.
ട്രെയിനിൽനിന്ന് നടുവിന് ചവിട്ടി ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാർ പുറത്തേക്ക് തള്ളിയിട്ടത് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇന്നലെ രാത്രി കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്ത ശ്രീക്കുട്ടിയെ മദ്യലഹരിയിലായിരുന്ന പ്രതി സുരേഷ്കുമാർ ക്രൂരമായി നടുവിന് ചവിട്ടിയാണ് പുറത്തേക്ക് ഇട്ടത്. രാത്രി പത്തരയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽ എത്തിച്ചതിനേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും തലച്ചോറിൽ ആന്തരിക രക്തസ്രാവമുള്ളതിനാൽ സ്ഥിതി സങ്കീർണ്ണമാണ്. തലച്ചോറിലെ പരുക്ക് പെട്ടെന്ന് മോശമാകാനും സാധ്യതയുണ്ട്. സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, ഫലപ്രദമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ശ്രീക്കുട്ടിയുടെ അമ്മ പരാതിപ്പെട്ടു.
ഫോറൻസിക് സംഘം ശ്രീക്കുട്ടി വീണ റെയിൽവേ ട്രാക്കിന് സമീപത്തുനിന്ന് തെളിവെടുപ്പ് നടത്തി രക്തസാമ്പിളുകൾ ശേഖരിച്ചു. വാതിലിൽനിന്ന് വഴിമാറി കൊടുക്കാത്തതിന്റെ പ്രകോപനത്തിലായിരുന്നു ആക്രമണമെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെ കൈയിലും കാലിലും പിടിച്ച് പുറത്തേക്ക് എറിഞ്ഞെങ്കിലും ട്രെയിനിൽ വാതിലിൽ പിടിച്ചതിനാൽ പുറത്തേക്ക് വീണില്ല. പെയിൻ്റിംഗ് പണിക്കുള്ള സൈറ്റ് നോക്കാൻ മറ്റ് തൊഴിലാളികൾക്കൊപ്പം കോട്ടയത്ത് പോയി തിരികെ വരുമ്പോഴാണ് അൻപതുകാരനായ സുരേഷ് കുമാർ അതിക്രമം നടത്തിയത്. നേരത്തെ പോക്കറ്റടിക്ക് പലതവണ പ്രതി പിടിക്കപ്പെട്ടിട്ടുണ്ട്. സുരേഷിനെ ഉപേക്ഷിച്ച് ഭാര്യ പോയിരുന്നു. ട്രെയിനിലുണ്ടായിരുന്ന രണ്ടു യാത്രക്കാർ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.





