അബുദാബി: ബിഗ് ടിക്കറ്റ് റാഫിൾ നറുക്കെടുപ്പിൽ ഒരു ഇന്ത്യക്കാരനും 19 കൂട്ടുകാർക്കും 15 ദശലക്ഷം ദിർഹം (ഏകദേശം 33 കോടിയിലേറെ രൂപ) സമ്മാനം ലഭിച്ചു. ഒറ്റരാത്രികൊണ്ട് യുഎഇയിൽ പ്രവാസിയായ ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് കുമാർ പ്രസാദിന്റെ(30)യും കൂട്ടുകാരുടെയും ജീവിതം മാറിമറിഞ്ഞു.
ഷിപ്പിങ് മേഖലയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സന്ദീപിന് ഈ ഭാഗ്യം നേടിക്കൊടുത്തത് കഴിഞ്ഞ മാർച്ചിൽ 20 ദശലക്ഷം ദിർഹം നേടിയ ജഹാംഗീർ ആലം എന്ന ബംഗ്ലാദേശ് സുഹൃത്തിന്റെ ഉപദേശമാണ്. ബിഗ് ടിക്കറ്റിനെക്കുറിച്ച് തന്നോട് പറഞ്ഞത് ജഹാംഗീർ ആലമാണെന്നും അദ്ദേഹത്തിന്റെ നിർദ്ദേശമാണ് തന്നെ ഭാഗ്യം പരീക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നും സന്ദീപ് ബിഗ് ടിക്കറ്റ് സ്റ്റുഡിയോയിൽ അവതാരകൻ റിച്ചഡുമായി സംസാരിക്കുമ്പോൾ വ്യക്തമാക്കി.
എല്ലാ മാസവും ടിക്കറ്റ് വാങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും സന്ദീപ് തുടർച്ചയായി മൂന്ന് നറുക്കെടുപ്പുകളിൽ പങ്കെടുത്തു. ഈ സ്ഥിരത ഫലം കണ്ടു. ഓഗസ്റ്റ് 19ന് വാങ്ങിയ 200669 എന്ന ടിക്കറ്റ് നമ്പറിനാണ് സെപ്റ്റംബർ നറുക്കെടുപ്പിൽ ഭാഗ്യം കൊണ്ടുവന്നത്. നേടിയ ഈ സമ്മാനം 20 പേരുമായി പങ്കുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ മൂന്നിന് വിജയിയെ തേടിയുള്ള ഫോൺ കോൾ വന്നപ്പോൾ സന്ദീപ് കുടുംബവുമായി സംസാരിക്കുകയായിരുന്നു. ആ നിമിഷം സത്യമാണെന്ന് വിശ്വസിക്കാൻ തനിക്ക് ആദ്യം കഴിഞ്ഞില്ലെന്നും പിന്നീട് യാഥാർഥ്യം മനസ്സിലാക്കിയപ്പോൾ അതിയായ സന്തോഷമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റുഡിയോയിലെ സംഭാഷണത്തിനിടെ നാട്ടിലുള്ള രോഗിയായ പിതാവിനെക്കുറിച്ച് സംസാരിക്കുമ്പോൾ സന്ദീപിന്റെ വാക്കുകൾ ഇടറി. ദുബായിൽ മൂന്ന് വർഷമായി ജോലി ചെയ്യുന്ന താൻ ഉടൻതന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്നും പിതാവിന് ഏറ്റവും മികച്ച ചികിത്സ നൽകാൻ കഴിയുമെന്നുമുള്ള പ്രതീക്ഷ അദ്ദേഹം പങ്കുവച്ചു. വൈകാരികമായ ആ നിമിഷത്തിൽ റിച്ചഡ് അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
