തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആദ്യഘട്ടത്തിൽ മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. തിരുവന്തപുരം കോര്‍പ്പറേഷൻ യുഡിഎഫ് പിടിക്കുമെന്ന് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് കെ മുരളീധരൻ വ്യക്തമാക്കി.
കോര്‍പ്പറേഷനിലെ 48 സീറ്റുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നാളെ മുതൽ പ്രചാരണ ജാഥകള്‍ ആരംഭിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ദീര്‍ഘകാലത്തിനുശേഷം യുഡിഎഫ് തിരുവനന്തപുരത്ത് അധികാരത്തിൽ വരുമെന്ന് ഡിസിസി അധ്യക്ഷൻ എൻ ശക്തൻ വ്യക്തമാക്കി. നാളെ മുതൽ നവംബര്‍ 12വരെയായിരിക്കും വാഹന പ്രചാരണ ജാഥയെന്നും എൻ ശക്തൻ പറഞ്ഞു.
30വര്‍ഷമായി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ജോസഫ് (ഉള്ളൂര്‍), കെഎസ്‍യു വൈസ് പ്രസിഡന്‍റ് സുരേഷ് മുട്ടട, മുൻ കൗണ്‍സിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എംഎസ് അനിൽകുമാര്‍ (കഴക്കൂട്ടം) തുടങ്ങിയവരടക്കമുള്ളവരുടെ പട്ടികയാണ് പുറത്തുവിട്ടത്. വാർഡ് തലത്തിൽ തീരുമാനിച്ച സഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. നഗരസഭ അഴിമതിക്കെതിരെ കുറ്റപത്രവുമായി കെ.മുരളീധരനായിരിക്കും വാഹന പ്രചാരണ യാത്ര നയിക്കുക. വാഹന പ്രചാരണ ജാഥ പ്രതിപക്ഷ നേതാവ് ഉദ്‌ഘാടനം ചെയ്യും.





