പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കുളത്തില്‍ ചാടി രാഹുല്‍ ഗാന്ധി- വൈറൽ

0
20

പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കുളത്തില്‍ ചാടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബെഗുസരായിലെ ഒരു കുളത്തിലാണ് പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഇറങ്ങിയത്. കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ മന്ത്രിയുമായ മുകേഷ് സാഹ്നിയും രാഹുലിനൊപ്പമുണ്ടായിരുന്നു.

പതിവ് വേഷമായ വൈറ്റ് ടീ ഷര്‍ട്ടും കാര്‍ഗോ പാന്റും ധരിച്ച രാഹുല്‍ തോണിയില്‍ നിന്നും വെളളത്തിലേക്ക് ചാടിയതോടെ കൂടിനിന്നവര്‍ ആവേശത്തിലായി. രാഹുല്‍ ഗാന്ധി സിന്ദാബാദ് വിളികളോടെ അണികള്‍ ആവേശം പ്രകടിപ്പിച്ചു. രാഹുല്‍ തോണിയില്‍ നിന്നും ചാടുന്നതിന്റെയും മത്സ്യത്തൊഴിലാളികളുമായി സംവദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലും രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലും പങ്കുവെച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നും കോണ്‍ഗ്രസ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.