ദമാം: കടയിൽ എത്തിയ 14 കാരിയെ കയറിപ്പിടിച്ച മലയാളിയെ സഊദിയിൽ അറസ്റ്റ് ചെയ്തു. ദിവസവും കടയിൽ സാധനം വാങ്ങാൻ എത്തുന്ന പെൺകുട്ടിയെയാണ് യുവാവ് അനാവശ്യമായി ചില ഭാഗങ്ങളിൽ കയറിപ്പിടിച്ചത്. മലയാളി സാമൂഹ്യ പ്രവർത്തകനാണ് സംഭവം വെളിപ്പെടുത്തിയത്.
എപ്പോഴും ഇതേ കടയിൽ സാധനം വാങ്ങാൻ വരുന്നതാണ് പെൺകുട്ടി. ആ നിലക്കുള്ള പരിചയം ഉള്ള ആളാണ് പ്രതി. സാധാരണയായി ആവശ്യമുള്ള സാധനങ്ങൾ വീട്ടുകാർ വിളിച്ചു പറയുകയും അതെടുത്തു വെച്ചാൽ വന്നു അത് വാങ്ങിപ്പോകുമാണ് രീതി. ഇതിനിടെയാണ് കടയിൽ വെച്ച് മലയാളി യുവാവ്, പെൺകുട്ടിയെ കയറിപ്പിടിച്ചത്. തോളിനു പിറകിലും പാർശ്വ ഭാഗത്തും പിടിച്ചതോടെ പെൺകുട്ടി ദേഷ്യം പിടിച്ചു ഇറങ്ങിപ്പോകുകയായിരുന്നു. പിന്നാലെ, തെറ്റ് പറ്റി പോയെന്നും ഇനി ഉണ്ടാകില്ലെന്നും മാപ്പാക്കണം എന്നൊക്കെ ആവശ്യപ്പെട്ട് മലയാളി പിന്നിൽ നടന്നെങ്കിലും ഫലം ഉണ്ടായില്ല. പെൺകുട്ടി വീട്ടിൽ വിവരം പറഞ്ഞതോടെ സംഭവം പുലിവാൽ ആയി മാറി. രാത്രിയായപ്പോൾ അവനെത്തേടി പോലീസ് എത്തുകയും കയ്യാമം വെച്ച് ലോക്കപ്പിലാക്കുകയും ചെയ്തു.
രാവിലെ പ്രോസിക്യൂഷൻ മുമ്പാകെ ഹാജരാക്കി കാര്യങ്ങൾ ചോദിച്ചപ്പോൾ തെറ്റ് സമ്മതിച്ച മലയാളി തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം ഇനി ഉണ്ടാകില്ല എന്നായിരുന്നു മറുപടി. നീ വിവാഹിതനാണോ? എന്ന ചോദ്യത്തിന് അതേ എന്ന് മറുപടി പറഞ്ഞപ്പോൾ എന്നിട്ടും നീ എന്തേ ഇങ്ങനെ? സഊദിയിലെ നിയമങ്ങൾ നിനക്കറിഞ്ഞുകൂടേ? എന്ന് തിരിച്ചു ചോദിച്ച അധികൃതരോട് അറിയാം എന്ത് ചെയ്യാം ആ സന്ദർഭത്തിൽ സംഭവിച്ചു പോയി എന്നായിരുന്നു മലയാളിയുടെ മറുപടി. തുടർ നടപടികൾക്ക് ശേഷം കേസ് ഫയലിൽ കയ്യൊപ്പു ചാർത്തി മലയാളി യുവാവിനെ അഞ്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സൂക്ഷിക്കുക…! കടയിൽ കുട്ടികൾ വരും പോകും സ്വാഭാവികം. അവരെ തമാശക്ക് പോലും സ്പർശിക്കരുത്. നമുക്ക് തമാശ ആകാം എന്നാൽ നിയമത്തിനു മുന്നിൽ അത് സീരിയസ് ആണ്. നമ്മുടെ സുരക്ഷക്ക് മതിയായ അകലം പാലിച്ചേ മതിയാകൂ എന്ന് സംഭവം വെളിപ്പെടുത്തിയ സാമൂഹ്യ പ്രവർത്തകൻ മുന്നറിയിപ്പ് നൽകി.





