റിയാദ്: സഊദിയില്‍ ഉടനീളം മൊബൈല്‍ ഫോണ്‍ വഴിയുള്ള അടിയന്തിര മുന്നറിയിപ്പ് സംവിധാനം പരീക്ഷിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അടുത്ത തിങ്കാളാഴ്ചയാണ് രാജ്യത്തെ എല്ലാ പ്രവിശ്യകളിലും അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നതിനുള്ള നാഷണല്‍ ഏര്‍ളി വാണിംഗ് പ്ലാറ്റ്‌ഫോം പരീക്ഷിക്കുക.
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് പരീക്ഷണം നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം റിയാദ്, തബൂക്ക്, ജിദ്ദ എന്നിവിടങ്ങളില്‍ സ്ഥിര വാണിംഗ് സൈറണുകളും പ്രവര്‍ത്തിപ്പിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
പരീക്ഷണത്തിന്റെ മുന്നോടിയായി സഊദി അറേബ്യയിലെ പൗരന്മാരോടും താമസക്കാരോടും മൊബൈൽ ഫോണുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ (OS) അപ്ഡേറ്റ് ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിലുള്ള ദേശീയ മുന്നറിയിപ്പ് സംവിധാനം പരീക്ഷിക്കുന്നതിൻ്റെ ഭാഗമായി ഈ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നത് ഉറപ്പാക്കാനാണ് നിർദ്ദേശം.
മൊബൈൽ ഉപകരണങ്ങളിലെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്താൽ മാത്രമേ പരീക്ഷണം വിജയകരമാവുകയും മുന്നറിയിപ്പുകൾ ഫലപ്രദമായി ലഭിക്കുകയും ചെയ്യൂ എന്ന് സിവിൽ ഡിഫൻസ് ഊന്നിപ്പറഞ്ഞു. മുന്നറിയിപ്പ് സംവിധാനത്തിൻ്റെ ഗുണനിലവാരം ഉയർത്തുന്നതിനും പൊതു സുരക്ഷയും പ്രതിരോധവും ശക്തിപ്പെടുത്തുന്നതിൻ്റെയും ഭാഗമായാണ് ഈ നടപടി.





