- സഊദിയിൽ പ്രവേശിച്ചാൽ 90 ദിവസം ലഭിക്കും
റിയാദ്: ഉംറ തീര്‍ഥാടകരുടെ എന്‍ട്രി വിസയുടെ കാലാവധി ഒരു മാസമായി കുറച്ചു. മുന്‍പുണ്ടായിരുന്ന മൂന്ന് മാസത്തെ വിസാ സാധുത ഇനി മുതല്‍ വിസാ അനുവദിച്ച തീയതി മുതല്‍ ഒരു മാസം മാത്രമായിരിക്കുമെന്ന് സഊദി അധികൃതര്‍ അറിയിച്ചു. പുതിയ ഉംറ വിസാ നിബന്ധനകള്‍ പ്രകാരം, വിസ ഇഷ്യൂ ചെയ്ത തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ തീര്‍ത്ഥാടകര്‍ സഊദിയില്‍ പ്രവേശന രജിസ്ട്രേഷന് പൂര്‍ത്തിയാക്കാത്ത പക്ഷം ആ വിസ സ്വയമേവ റദ്ദാക്കപ്പെടും.
എന്നാല്‍ തീര്ത്ഥാടകന് ഒരു മാസത്തിനുള്ളിൽ സഊദിയിലെത്തിക്കഴിഞ്ഞാല് മൂന്ന് മാസം (90 ദിവസം) വരെ രാജ്യത്ത് തങ്ങാമെന്നുള്ള നിലവിലുള്ള നിയമത്തില്‍ മാറ്റമില്ല. അടുത്ത ആഴ്ച മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍അറബിയ റിപ്പോര്‍ട്ട് ചെയ്തു.
ഗള്‍ഫ് മേഖലയില്‍ ചൂട് കുറഞ്ഞതിനെ തുടര്‍ന്ന് ഉംറ തീര്‍ഥാടകരുടെ വരവ് കുത്തനെ ഉയരുമെന്ന് കണക്കാക്കുന്നതിനാലാണ് സുരക്ഷായുടെ ഭാഗമായി തീരുമാനമെന്ന് നാഷണല്‍ കമ്മറ്റി ഫോര്‍ ഉംറാ ആന്‍ഡ് വിസിറ്റിലെ ഉപദേഷ്ടാവ് അഹ്മദ് ബജൈഫര്‍ പറഞ്ഞു. മക്കയും മദീനയും കനത്ത തിരക്കില്‍പ്പെടുന്നത് നിയന്ത്രിക്കാനും തീര്‍ത്ഥാടകരുടെ സേവനം മെച്ചപ്പെടുത്താനും ഈ മാറ്റം ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ഉംറാ സീസണ് ജൂണ്‍ ആദ്യം ആരംഭിച്ചതിന് ശേഷം ഇതുവരെ വിദേശ തീര്‍ത്ഥാടകര്‍ക്ക് നാല് മില്ല്യണില്‍ അധികം ഉംറ വിസകള്‍ ആണ് സഊദി അനുവദിച്ചത്. വെറും അഞ്ച് മാസത്തിനുള്ളില്‍ തന്നെ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ഉംറാ തീര്‍ത്ഥാടകര്‍ എത്തിയ സീസണായി ഇത് മാറുകയും ചെയ്തു.





