സിനിമ ഓഡിഷൻ്റെ പേരിൽ 17 കുട്ടികളെ ബന്ദികളാക്കി; പ്രതി വെടിയേറ്റ് മരിച്ചു

0
9

മുംബൈ: പൊവായിൽ സിനിമാ ഓഡിഷൻ്റെ പേരിൽ 20ഓളെ ആളുകളെ ബന്ദികളാക്കി യുവാവ്. രോഹിത് ആര്യ എന്ന യുവാവാണ് 17 കുട്ടികളുൾപ്പെടെ 20ഓളം ആളുകളെ ബന്ദികളാക്കിയത്. പ്രതി കൊല്ലപ്പെട്ടു. കീഴടക്കാനുള്ള ശ്രമത്തിനിടെ പ്രതി രോഹിതിന് നേരെ പൊലീസ് വെടിയുതിർത്തിരുന്നു.

കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ പ്രതിക്ക് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രോഹിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടികളെ ബന്ദികളാക്കിയതിന് പിന്നാലെ രോഹിത് ആര്യ ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വീഡിയോയിൽ, രോഹിത് ചില വ്യക്തികളോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. തടഞ്ഞാൽ ആത്മഹത്യചെയ്യുമെന്നും ബന്ദികളാക്കിയ കുട്ടികളെ ഉപദ്രവിക്കുമെന്നും രോഹിത് പറയുന്നു.

“ഞാൻ രോഹിത് ആര്യ. ചില ധാർമികമായ, ലളിതമായ ആവശ്യങ്ങൾ, കുറച്ച് ചോദ്യങ്ങൾ ഇത് മാത്രമാണ് എനിക്കുള്ളത്. നിങ്ങളിൽ നിന്നുള്ള ഒരു ചെറിയ തെറ്റായ നീക്കം പോലും എന്നെ പ്രകോപിപ്പിക്കും. ഇവിടം മുഴുവൻ ഞാൻ കത്തിക്കും. എനിക്ക് പണം വേണ്ട, ഞാൻ ഒരു തീവ്രവാദിയല്ല” വീഡിയോയിൽ പ്രതി പറയുന്നു.

“എനിക്ക് ഒരു ലളിതമായ സംഭാഷണമാണ് വേണ്ടത്. അതുകൊണ്ടാണ് ഞാൻ ഈ കുട്ടികളെ ബന്ദികളാക്കിയത്. ഒരു പദ്ധതിയുടെ ഭാഗമായാണ് ഇവരെ ബന്ദികളാക്കിയത്. ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ, അത് ചെയ്യും. ഞാൻ മരിച്ചാൽ, മറ്റാരെങ്കിലും ചെയ്യും, പക്ഷേ അത് തീർച്ചയായും സംഭവിക്കും, നിങ്ങളുടെ ഒരു ചെറിയ തെറ്റായ നീക്കം പോലും ഈ സ്ഥലം മുഴുവൻ കത്തിച്ച് അതിൽ മരിക്കാൻ എന്നെ പ്രേരിപ്പിക്കും,” രോഹിത് ആര്യ വീഡിയോയിൽ പറഞ്ഞു. സ്ഥലത്ത് നിന്ന് എയർ ഗണ്ണും ചില രാസവസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.