ഡിജിറ്റൽ അറസ്റ്റിൻ്റെ മറവിൽ തട്ടിയത് 1.19 കോടി രൂപ; മനോവിഷമത്തിൽ മുൻ സർക്കാർ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

0
11

മുംബൈ: പൂനെയിൽ ഡിജിറ്റൽ അറസ്റ്റിലൂടെ കബളിപ്പിക്കപ്പെട്ട 82കാരൻ കുഴഞ്ഞുവീണ് മരിച്ചു. മുൻ സർക്കാർ ഉദ്യോഗസ്ഥനാണ് തന്നെയും തൻ്റെ ഭാര്യയെയും ഡിജിറ്റൽ അറസ്റ്റിലൂടെ കബളിപ്പിച്ച് 1.19 കോടി രൂപ കവർന്നുവെന്ന് തിരിച്ചറിഞ്ഞതോടെ കുഴഞ്ഞുവീണ് മരിച്ചത്. ഓഗസ്റ്റ് 16നും സെപ്റ്റംബർ 17നും ഇടയിലാണ് മുംബൈ സൈബർ പൊലീസെന്നും സിബിഐ ഉദ്യോഗസ്ഥരെന്നും പറഞ്ഞ് കബളിപ്പിച്ച് ഇവരിൽ നിന്ന് തട്ടിപ്പ് നടത്തിയത്.

ഓഗസ്റ്റ് 16നാണ് മുൻ സർക്കാർ ഉദ്യോഗസ്ഥന് മുംബൈ പൊലീസിൻ്റെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആണെന്ന് അവകാശപ്പെട്ട് കാൾ വന്നത്. ഒരു സ്വകാര്യ വിമാനക്കമ്പനി ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്റെ ബാങ്ക് അക്കൗണ്ടും ആധാർ വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു കാൾ വന്നത്. പിന്നീട് സിബിഐയുടെ ഡൽഹി ഓഫീസിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ദമ്പതികളെ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി അറിയിക്കുകയും ചെയ്യുകയായിരുന്നു.

ഇയാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഇവരുടെ എല്ലാ സമ്പാദ്യവും തട്ടിയെടുത്തുവെന്നും വിദേശത്ത് സ്ഥിരതാമസമാക്കിയ ഇവരുടെ മക്കൾ അയച്ച പണം ഉൾപ്പെടെ ഇവർ തട്ടിയെടുത്തുവെന്നും ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവരുടെ നിരന്തര പീഡനവും തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞതോടെയുള്ള മനോവിഷമവും മൂലം ഭർത്താവ് വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോയതെന്ന് ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഒക്ടോബർ 22ന് ഇയാൾ വീട്ടിൽ കുഴഞ്ഞുവീണതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.