ത്സാൻസി: ഉത്തർപ്രദേശിലെ ത്സാൻസിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ രണ്ടുനില കെട്ടിടത്തിനു മുകളിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ട് ഭർത്താവ്. 26കാരിയായ തീജ എന്ന യുവതിയെയാണ് ഭർത്താവ് മുകേഷ് അഹിർവാർ ഉപദ്രവിച്ചത്.
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു പരുക്കേറ്റ യുവതി ത്സാൻസി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
മൗ റാണിപൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവ് തന്നെ ഉപദ്രവിക്കാറുണ്ടെന്ന് യുവതി പൊലീസിന് മൊഴി നൽകി. ക്ഷേത്രത്തിൽ വച്ചാണ് മുകേഷും തീജയും കണ്ടുമുട്ടിയത്. പിന്നാലെ ഇരുവരും വിവാഹം കഴിച്ചു. ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് അവിടെവച്ച് മുകേഷ് യുവതിക്ക് വാക്കുനൽകുകയും ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞ് ആദ്യ ഒരു വർഷം എല്ലാം നല്ലരീതിയിൽ പോയി. എന്നാൽ പിന്നീട് മുകേഷിന്റെ സ്വഭാവം പതുക്കെ മാറിത്തുടങ്ങി. ഇടയ്ക്കിടയ്ക്ക് മുകേഷ് വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ തുടങ്ങി. തിരിച്ചെത്തുമ്പോൾ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാനും തുടങ്ങി. ഇത് പിന്നീട് പതിവായി.
കുറച്ച് ദിവസം വീട്ടിൽ നിന്ന് മാറി നിന്ന മുകേഷ് കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. വീട്ടിലെത്തിയ ഉടൻ മുകേഷ് തീജയെ ഉപദ്രവിച്ചു. കൂടാതെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു. എന്നാൽ യുവതി ഇത് എതിർത്തു. പിന്നാലെയാണ് രണ്ടു നിലയുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് യുവതിയെ താഴേയ്ക്ക് തള്ളിയിട്ടത്.
യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് അവളെ ആശുപത്രിയിൽ എത്തിച്ചത്. ദേഹമാസകലം പരുക്കുകളുണ്ട്. ത്സാൻസി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.





