മോസ്കോ: ആണവ ശേഷിയുള്ളതും ആണവോർജത്തിൽ പ്രവർത്തിക്കുന്നതുമായ സമുദ്രാന്തര ഡ്രോണുകള്‍ വികസിപ്പിച്ച് റഷ്യ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് റഷ്യ ദിവസങ്ങൾക്കുള്ളിൽ രണ്ടാമതും ആണവ ശേഷിയുള്ള ആയുധം പരീക്ഷിച്ചത്.
പൊസൈയ്ഡന്‍ എന്നു പേരിട്ടിരിക്കുന്ന സമുദ്രാന്തര ഡ്രോണിന് ‘അന്ത്യദിന ആയുധ’മെന്നും വിശേഷണമുണ്ട്. സമുദ്രങ്ങളുടേയും ഭൂകമ്പങ്ങളുടേയും പുരാതന ഗ്രീക്ക് ദേവനായി അറിയപ്പെടുന്ന പൊസൈയ്‌ഡണിന്റെ പേരാണ് മനുഷ്യസാന്നിധ്യം ആവശ്യമില്ലാത്ത ഈ സമുദ്രാന്തര ഡ്രോണിന് റഷ്യ നൽകിയിരിക്കുന്നത്.
അന്തർവാഹിനികളെക്കാൾ വേഗത്തിൽ സഞ്ചരിക്കാനും ഏതു ഭൂഖണ്ഡത്തിലും എത്താനും ഇതിന് കഴിയുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അവകാശപ്പെട്ടു. ‘പൊസൈയ്‌ഡണിന്റെ വേഗവും പരമാവധി ആഴത്തിലേക്ക് മുങ്ങാനുള്ള കഴിവുമുള്ള ആയുധം ഒരു രാജ്യത്തിനും ഇല്ല. ഏത് പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാൻ ഈ ഡ്രോണിന് കഴിവുണ്ട്. സമാനമായ ഒന്ന് ഒരു രാജ്യവും സമീപഭാവിയിൽ നിർമിക്കാൻ സാധ്യതയില്ല’ – പുട്ടിൻ പറഞ്ഞു.
ഒരു കിലോമീറ്ററിലധികം ആഴത്തിൽ പ്രവർത്തിക്കാനും മണിക്കൂറിൽ 70 നോട്ട് വരെ വേഗതയിൽ സഞ്ചരിക്കാനും പൊസൈയ്ഡന് സാധിക്കും. 2018 ൽ ആദ്യമായി പരീക്ഷിച്ച ഈ ഡ്രോണിന് രണ്ട് മെഗാടൺ വരെയുള്ള ആണവ പോർമുന വഹിക്കാൻ ശേഷിയുണ്ട്.
ആണവോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന, ആണവ ശേഷിയുള്ള ബ്യൂറെവെസ്റ്റ്നിക് ക്രൂയിസ് മിസൈൽ കഴിഞ്ഞ ദിവസം റഷ്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ആണവോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ഈ മിസൈലിന് പരിധിയില്ലാത്ത ദൂരം പറക്കാൻ കഴിയുമെന്നാണ് റഷ്യയുടെ അവകാശവാദം.





