അഹ്മദാബാദ്: വസ്ത്രം തയ്ക്കാന്‍ കൊടുത്താല്‍ ഏതു ദിവസം കിട്ടുമെന്ന് ചോദിച്ചാണ് എല്ലാവരും തയ്യല്‍കാരനു കൊടുക്കുക. എന്നാല്‍ സമയത്തിന് വസ്ത്രം തയ്ച്ചു കിട്ടുക എന്നത് വലിയ റിസ്‌ക് തന്നെയാണ്. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ആവശ്യമുള്ളതിന് കുറച്ച് ദിവസം മുമ്പ് തന്നെ ഡ്രസ് തയ്ച്ചു തരണം എന്ന് തയ്യല്‍ക്കാരോട് പറയാറുമുണ്ട്. അങ്ങനെയാണ് കാര്യങ്ങള്‍ പൊതുവേ പോവുക. എന്നാല്‍ അഹമ്മദാബാദില്‍ ഒരു സംഭവമുണ്ടായി.
തയ്യല്‍കാരന്‍ സമയത്തിന് ബ്ലൗസ് തയ്ച്ചു നല്‍കിയില്ല. അതുകൊണ്ട് ആ തയ്യല്‍ക്കാരനോട് 7000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. നവരംഗ്പുരയില്‍ നിന്നുള്ള ടയ്‌ലറോടാണ് ബ്ലൗസ് തയ്ക്കാന്‍ നല്‍കുന്നതിന് മുമ്പ് യുവതി ഒറ്റക്കാര്യം ആവശ്യപ്പെട്ടത്. തന്റെ ബന്ധുവിന്റെ കല്യാണമാണ്. അതിനുവേണ്ടിയുള്ള ബ്ലൗസാണ്. പറഞ്ഞ സമയത്ത് തന്നെ ബ്ലൗസ് തയ്ച്ചു തരണം എന്നുമായിരുന്നു. 2024 ഡിസംബര്‍ 24 നായിരുന്നു കല്യാണം.
2024 നവംബറില്‍ സിജി റോഡില്‍ കട നടത്തുന്ന ഒരു തയ്യല്‍ക്കാരനെയാണ് അവള്‍ ബ്ലൗസ് തയ്ക്കാനായി ഏല്‍പ്പിച്ചത്. 4,395 രൂപ മുന്‍കൂര്‍ നല്‍കുകയും ചെയ്തു. ബ്ലൗസ് കൃത്യസമയത്ത് എത്തിക്കുമെന്ന് തന്നെ അവള്‍ വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഡിസംബര്‍ 14ന് ഓര്‍ഡര്‍ വാങ്ങാന്‍ എത്തിയപ്പോള്‍ നിരാശയായിരുന്നു ഫലം. ബ്ലൗസ് തയ്ച്ചിരുന്നില്ല.
തുടര്‍ന്ന് തയ്യല്‍ക്കാരന്‍ വിവാഹത്തിന് മുമ്പ് എന്തായാലും ബ്ലൗസ് തയ്ച്ചുനല്‍കാമെന്ന് ഉറപ്പും നല്‍കി. പക്ഷേ, അതും നടന്നില്ല. ഡിസംബര്‍ 24 കഴിഞ്ഞിട്ടും ബ്ലൗസ് കിട്ടിയതുമില്ല. തുടര്‍ന്നാണ് അഹമ്മദാബാദിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍(അഡീഷണല്‍) യുവതി പരാതി നല്‍കുന്നത്.
തയ്യല്‍ക്കാരന്‍ എത്താത്തതിനാല്‍ കമ്മീഷന്‍ യുവതിയുടെ പരാതി മാത്രം കേട്ടു. വാഗ്ദാനം ചെയ്തതുപോലെ തയ്യല്‍ക്കാരന്‍ ബ്ലൗസ് എത്തിക്കാത്തത് സേവനത്തിലെ പോരായ്മയാണെന്നും ഇത് പരാതിക്കാരിയായ യുവതിയെ മാനസികമായി പീഡിപ്പിക്കുന്നതിന് കാണമായി എന്നുമാണ് കമ്മീഷന്‍ പറഞ്ഞത്. പിന്നാലെ 7% പലിശ സഹിതം 4,395 രൂപ തിരികെ നല്‍കാനും മാനസിക ക്ലേശത്തിനും കേസ് ചെലവുകള്‍ക്കും അധിക നഷ്ടപരിഹാരം നല്‍കാനുമാണ് പാനല്‍ നിര്‍ദേശിച്ചത്.





