‘മൊൻത’ ചുഴലിക്കാറ്റ്: ഒരു മരണം; വിമാനസർവീസുകള്‍ റദ്ദാക്കി

0
8

അമരാവതി: ആന്ധ്രയിൽ കരതൊട്ട ‘മൊൻത’ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ഒരു മരണവും സ്ഥിരീകരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയില്‍ ആന്ധ്രാ തീരം തൊട്ട ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്.

തീരദേശം, റായലസീമ, തെലങ്കാന, തെക്കൻ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപത്ത് കൂടിയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. അയൽ സംസ്ഥാനമായ ഒഡീഷയിലും ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടു.

ചുഴലിക്കാറ്റിനിടെ വീടിന് മുകളിൽ മരം വീണാണ് വയോധിക മരണപ്പെട്ടത്. ആന്ധ്രയിലെ കൊണസീമ ജില്ലയിലായിരുന്നു അപകടം. വൈകുന്നേരം 7 മണിയോടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കാൻ തുടങ്ങിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാക്കിനടയിൽ കടൽക്ഷോഭം രൂക്ഷമാണ്. വീടുകളിൽ വെള്ളം കയറുകയും റോഡുകൾ തകരുകയും ചെയ്തിട്ടുണ്ട്. തീരദേശ ജില്ലകളിലെ 65 ഗ്രാമങ്ങളിൽ നിന്നായി 10,000ത്തിലധികം പേരെയാണ് ക്യാംപുകളിലേക്കു മാറ്റി പാർപ്പിച്ചത്.

അതിനിടെ രാജമുണ്ട്രി വിമാനത്താവളത്തിൽ നിന്നുള്ള 8 വിമാനങ്ങൾ റദ്ദാക്കി. തിരുപ്പതി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഒഡീഷയിൽ, സംസ്ഥാന സർക്കാർ 2,000ത്തിലധികം ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. ആന്ധ്രയിലും ഒഡീഷയിലുമായി വ്യാപകമായി വിളനാശം സംഭവിച്ചതായാണ് റിപ്പോർട്ട്. ‌ചുഴലിക്കാറ്റിന്റെ ആഘാതം കുറഞ്ഞതായും തെക്കൻ ഒഡീഷയിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്നും ഐഎംഡി അധികൃതർ അറിയിച്ചു. കാറ്റിന്റെ വേഗം വൈകാതെ 80 കിലോമീറ്റർ ആയി കുറയുമെന്നും അധികൃതർ വ്യക്തമാക്കി.