തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനപ്പോരിന് തുടക്കമിട്ട് എഐഎഡിഎംകെ. അരി വാങ്ങുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഒരുവര്‍ഷം 3 എല്‍പിജി സിലണ്ടര്‍ സൗജന്യമായി നല്‍കും എന്ന ഉറപ്പാണ് ഹൈലൈറ്റ്. ഗൃഹനായികയായി റേഷന്‍ കാര്‍ഡില്‍ പേരുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം നല്‍കുന്ന ‘കുലവിളക്ക് തിട്ടം’ ആണ് മറ്റൊരു വാഗ്ദാനം.
സ്ത്രീകളെപ്പോലെ പുരുഷന്മാര്‍ക്കും സിറ്റി ബസുകളില്‍ സൗജന്യയാത്ര, വീടില്ലാത്ത പാവപ്പെട്ടവര്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും വീടുനല്‍കാന്‍ ‘അമ്മ ഇല്ലം’ പദ്ധതി എന്നിവയും പ്രഖ്യാപിച്ചു.
റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയാണ് തിരഞ്ഞെടുപ്പുവാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്. ഇവ ജനങ്ങളിലെത്തിക്കാന്‍ ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വീടുവീടാന്തരം എത്തിത്തുടങ്ങി. കേന്ദ്രസര്‍ക്കാരിന്‍റെ വിബി–ജിറാം പദ്ധതിയില്‍ സംസ്ഥാനത്ത് 150 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുമെന്ന് അണ്ണാ ഡിഎംകെ പറയുന്നു. ഇരുചക്രവാഹനം വാങ്ങാന്‍ 5 ലക്ഷം സ്ത്രീകള്‍ക്ക് 25000 രൂപ വീതം സബ്സിഡി നല്‍കും.
വാര്‍ധക്യകാല പെന്‍ഷന്‍ 1200 രൂപയില്‍ നിന്ന് പ്രതിമാസം രണ്ടായിരം രൂപയായി ഉയര്‍ത്തുമെന്നും അണ്ണാ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുണ്ട്. ഭിന്നശേഷിക്കാര്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത കടങ്ങള്‍ എഴുതിത്തള്ളും, സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പലിശരഹിത സ്വയംതൊഴില്‍ ലോണുകള്‍ നല്‍കും തുടങ്ങി സാമൂഹികമായും സാമ്പത്തികമായും ദുര്‍ബലരായ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് എടപ്പാടി മുന്നോട്ടുവയ്ക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ പ്രകടനപത്രിക പ്രഖ്യാപിച്ചാണ് അണ്ണാ ഡിഎംകെ കളത്തിലിറങ്ങിയത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രകടന പത്രിക പുറത്തിറക്കുന്ന ആദ്യരാഷ്ട്രീയപാര്‍ട്ടിയും എഐഎഡിഎംകെയാണ്. ക്ഷേമപദ്ധതികള്‍ വാരിക്കോരി പ്രഖ്യാപിക്കുന്ന തിരഞ്ഞെടുപ്പുകളാണ് തമിഴ്നാട്ടില്‍ ഓരോ തവണയും നടക്കാറ്. അണ്ണാ ഡിഎംകെയെ വെല്ലാന്‍ ഡിഎംകെയും വിജയ്‌യുടെ ടിവികെയുമെല്ലാം എന്തൊക്കെ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കും എന്ന ആകാംക്ഷയിലാണ് വോട്ടര്‍മാര്‍.





