ആക്രമണം നടത്താൻ നെതന്യാഹു ഉത്തരവിട്ടതിനു പിന്നാലെ ഗാസയിൽ വ്യോമാക്രമണം; ഒൻപതു പേർ കൊല്ലപ്പെട്ടു

0
14

ടെൽ അവീവ്: ശക്തമായ ആക്രമണം നടത്താൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉത്തരവിട്ടതിനു പിന്നാലെ ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. ഒൻപതു പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യത്തിനുനേരെ ഹമാസ് വെടിയുതിർത്തെന്ന് ആരോപിച്ചാണ് പ്രത്യാക്രമണത്തിന് സൈന്യത്തോട് നെതന്യാഹു നിർദേശിച്ചത്.

അതേസമയം, ഇസ്രയേൽ കരാർ ലംഘിക്കുകയാണെന്നു ഹമാസും ആരോപിക്കുന്നു. ആക്രമണഭീഷണി ഉയർന്ന സാഹചര്യത്തിൽ, ബന്ദിയുടെ മൃതദേഹം കൈമാറുന്നതു വൈകുമെന്നു ഹമാസ് പ്രതികരിച്ചു.

പുറത്തിറക്കി ഇന്ത്യാ സഖ്യം
ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങൾ, ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചു. യുഎസ് മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറിന്റെ ‘വ്യക്തമായ ലംഘനം’ എന്നാണ് സംഭവത്തെ നെതന്യാഹു വിശേഷിപ്പിച്ചത്. ഇനി 13 മൃതദേഹങ്ങളാണ് ഹമാസ് കൈമാറാനുള്ളത്. തിരച്ചിലിനു വലിയ യന്ത്രോപകരണങ്ങൾ കിട്ടാതെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്നു മൃതദേഹങ്ങൾ വീണ്ടെടുക്കാനാവില്ലെന്നാണു ഹമാസ് വിശദീകരണം.

ഇസ്രയേല്‍ നൽകുന്ന തിരിച്ചടി എങ്ങനെയെന്ന് തീരുമാനിക്കാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ അടിയന്തര യോഗം വിളിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയ്ക്കുള്ള മാനുഷിക സഹായം നിർത്തലാക്കുക, ഗാസയിലെ സൈനിക നിയന്ത്രണം കടുപ്പിക്കുക, ഹമാസ് നേതാക്കൾക്കെതിരെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ വർധിപ്പിക്കുക എന്നിവയാണ് പരിഗണനയിലുള്ള മാർഗങ്ങളെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.