മൈസൂരു: കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് ബേഗൂരിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം കൂടി. അപകടത്തില്‍ മരണപ്പെട്ട ജസീറയുടെ മകന്‍ ഹെസം ഹാനാന്‍ (രണ്ട്) ആണ് മരിച്ചത്. മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.
ശനിയാഴ്ചയാണ് മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. തായ്‌ലൻഡ് സന്ദര്‍ശനം കഴിഞ്ഞ് ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. കമ്പളക്കാട് മടക്കിമല കരിഞ്ചേരി വീട്ടില്‍ അബ്ദുള്‍ ബഷീര്‍ (50), ബഷീറിന്റെ സഹോദരീപുത്രന്‍ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജസീറ (28) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ മുഹമ്മദ് ഷാഫി, ബഷീറിന്റെ ഭാര്യ നസീമ (45) എന്നിവര്‍ക്ക് മൈസൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ പത്തോടെ ഗുണ്ടല്‍പ്പേട്ടില്‍ നിന്ന് പത്തുകിലോമീറ്ററോളം അകലെ ബേഗൂര്‍ രാഗപ്പുരയിലായിരുന്നു അപകടം.
കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍ കരിങ്കല്ലുമായി വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ജസീറയും അബ്ദുള്‍ ബഷീറും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കാര്‍ പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു.
