ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍. 30,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്നും ഇന്ന് മുതല്‍ പിരിച്ചുവിടല്‍ ആരംഭിക്കുമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കമ്പനിയിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്.
കോവിഡ് കാലത്ത് വിതരണം സുഗമമാക്കുന്നതിനായി അധികമായി ജോലിക്കെടുത്തവരെയാണ് പിരിച്ചുവിടുന്നതെന്നാണ് റിപ്പോര്‍ട്ട്. എച്ച്.ആര്‍, വെബ് സര്‍വീസ്, ഓപറേഷന്‍, സര്‍വീസ് വിഭാഗങ്ങളിലാണ് പിരിച്ചുവിടല്‍ ഏറെയും. ജീവനക്കാരുടെ പിരിച്ചുവിടല്‍ സുഗമമാക്കുന്നതിനായി മാനേജര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും ആമസോണ്‍ ആരംഭിച്ചു കഴിഞ്ഞു. മാനേജര്‍മാരുടെ എണ്ണവും വെട്ടിച്ചുരുക്കുമെന്നും നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, വാര്‍ത്തയില്‍ ആമസോണ്‍ ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1.55 ദശലക്ഷം ജീവനക്കാരാണ് ലോകവ്യാപകമായി ആമസോണിനുള്ളത്. ഇതില്‍ 350,000 പേരാണ് കോര്‍പറേറ്റ് ജീവനക്കാരായുള്ളത്. 2022 ല്‍ കമ്പനി 27,000 പേരെ പിരിച്ചുവിട്ടിരുന്നു.
എച്ച്.ആര്‍ വിഭാഗത്തില്‍ മാത്രം 15 ശതമാനമാണ് വെട്ടിച്ചുരുക്കല്‍ ഉണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ വര്‍ക് ഫ്രം ഹോം ഒഴിവാക്കി, ജീവനക്കാരോട് ആഴ്ചയില്‍ അഞ്ച് ദിവസം ഓഫിസുകളില്‍ എത്താന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. പതിവായി ഓഫിസില്‍ വരുന്നതില്‍ വീഴ്ച വരുത്തിയവരോട് രാജി വയ്ക്കാനും കമ്പനി ആവശ്യപ്പെട്ടുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. കോര്‍പറേറ്റ് ഓഫിസില്‍ നിന്ന് അകലെയായി താമസിച്ചിരുന്നവര്‍ക്കാണ് ഇത്തരത്തില്‍ ജോലി നഷ്ടമായത്. 110 തസ്തികകള്‍ കമ്പനി ഇതിനകം പൂര്‍ണമായും ഒഴിവാക്കിയെന്നും ജൂലൈയില്‍ ആമസോണ്‍ വെബ് സര്‍വീസിലെ നൂറുകണക്കിന് പേര്‍ക്ക് ജോലി നഷ്ടമായെന്ന് ബ്ലൂംബര്‍ഗും റിപ്പോര്‍ട്ട് ചെയ്തു.
