ആന്ധ്രാപ്രദേശ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മൊൻ ത’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റി ശക്തിയാര്‍ജിച്ചു. നിലവിൽ ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് ‘മൊൻ ത’. ഇതോടെ ആന്ധ്രാ തീരത്ത് കടല്‍ക്ഷോഭം ശക്തമായിട്ടുണ്ട്. വൈകിട്ടോടെ ചുഴലിക്കാറ്റ് കര തൊടും. ആന്ധ്രക്ക് പുറമേ തമിഴ്നാട്ടിലും , ഒഡിഷയിലും , ബംഗാളിലും കനത്ത ജാഗ്രത നിർദേശം നൽകി.
ആന്ധ്രപ്രദേശ് , തമിഴ്നാട് , ബംഗാൾ , ജാർഖണ്ഡ് , ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളെയും ചുഴലിക്കാറ്റ് ബാധിക്കും . അപകട സാധ്യത കണക്കിലെടുത്ത് വിശാഖപട്ടണം വഴി കടന്നുപോകുന്ന നൂറോളം ട്രെയിനുകൾ റദ്ദാക്കി. വിശാഖപട്ടണത്ത് നിന്നുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. എയര്‍ഇന്ത്യയും ഇന്‍ഡിഗോയുമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.
കടൽ പ്രക്ഷുബ്ദമായതിനെ തുടർന്ന് വിവിധ ഇടങ്ങളില്‍ റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. കാക്കിനാഡ, ഗൊണസീമ മേഖലകളിൽ മാത്രം ഏകദേശം 10,000 പേരെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. ഒഡീഷയിൽ 3000ത്തിലധികം പേരെ ഒഴിപ്പിച്ചു. ഖോർധ ജില്ലയിലെ ചിലിക തടാകം കര കവിഞ്ഞിട്ടുണ്ട് .
തമിഴ്നാട്ടിൽ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപേട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ചെന്നൈയിൽ 215 ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ മധ്യ തെക്കൻ ജില്ലകളിലും മഴ ശക്തമാകാനുള്ള സാധ്യതയുണ്ട്.
