ലക്നൌ: യുപിയിൽ വീണ്ടും പേര് മാറ്റവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് ‘കബീർധാം’ എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. സ്മൃതി മഹോത്സവ് മേള 2025 ൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് പ്രഖ്യാപനം. മുസ്ലീം ജനസംഖ്യ ഇല്ലാത്ത ഒരു ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേര് നൽകിയതിൽ താൻ അത്ഭുതപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുപിയിൽ ബിജെപി സർക്കാർ സ്ഥലപ്പേരുകൾ മാറ്റുന്നത് ഇതാദ്യമല്ല. അയോധ്യക്കും പ്രയാഗ്രാജിനും യഥാർത്ഥ പേരുകൾ നൽകി, ഇപ്പോൾ കബീർധാമിന് അതിന്റെ ശരിയായ പേര് നൽകി പുനരുജ്ജീവിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമത്തിന്റെ പേര് മാറ്റുന്നതിന് ഔപചാരികമായി നിർദ്ദേശം നൽകുമെന്നും ആവശ്യമായ ഭരണപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭാരതീയ ജനതാപാർട്ടി സർക്കാർ സംസ്ഥാനത്തുടനീളമുള്ള എല്ലാ വിശ്വാസ കേന്ദ്രങ്ങളെയും വികസിപ്പിക്കാനും മനോഹരമാക്കാനും പ്രതിജ്ഞാബദ്ധമാണ്. കാശി, അയോധ്യ, കുശിനഗർ, നൈമിഷാരണ്യം, മഥുര-ബൃന്ദാവൻ, ബർസാന, ഗോകുൽ, ഗോവർദ്ധൻ എന്നിവിടങ്ങളിലെല്ലാം വിശ്വാസ്യതയുടെ പ്രധാന കേന്ദ്രങ്ങളെ ടൂറിസം, സാംസ്കാരിക വകുപ്പുകൾ വഴി പുനരുജ്ജീവിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.





