മുംബൈ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ബി.എസ്.എൻ.എൽ പ്രഖ്യാപിച്ച ഒരുരൂപ പ്ലാനിനെതിരെ പരാതിയുമായി സ്വകാര്യ ടെലികോം കമ്പനികൾ. ബി.എസ്.എൻ.എല്ലിന്‍റെ നടപടി തങ്ങളെ കൊള്ളയടിക്കുന്ന താരിഫ് നിർണയമാണെന്ന് (പ്രഡേറ്ററി പ്രൈസിങ്) എന്ന പരാതിയുമായി റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ സെല്ലുലാർ ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ മുഖേന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ (ട്രായ്) സമീപിച്ചു. മറ്റ് കമ്പനികളിൽനിന്ന് മാറാൻ (മൊബൈൽ നമ്പർ പോർട്ടബിലിറ്റി) പ്രത്യേക ഓഫറുകൾ നൽകുന്നത് വിലക്കുന്ന വ്യവസ്ഥക്കെതിരാണ് ഇതെന്നും അവർ ആരോപിച്ചു.
ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 15 മുതൽ നവംബർ 15 വരെ വെറും ഒരു രൂപക്ക് 4ജി റീചാർജ് പ്ലാനാണ് ബി.എസ്.എൻ.എൽ പ്രഖ്യാപിച്ചത്. പുതിയ സിം എടുക്കുന്നവർക്കാണ് ഇത് നൽകുന്നത്. 30 ദിവസത്തേക്ക് പ്രതിദിനം രണ്ട് ജി.ബി ഡേറ്റ, 100 എസ്.എം.എസ്, പരിധിയില്ലാതെ കാൾ എന്നിവയാണ് ഇതിൽ ലഭിക്കുക. സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ബി.എസ്.എൻ.എൽ വീണ്ടും പയറ്റുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ ഒരുരൂപക്ക് സമാനമായ സേവനങ്ങൾ ലഭിക്കുന്ന ‘ഫ്രീഡം പ്ലാൻ’ അവതരിപ്പിക്കുകയും വിജയകരമെന്ന് കണ്ട് സെപ്റ്റംബർ 15 വരെ ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ഫലമായി ആഗസ്റ്റിൽ 1.4 ദശലക്ഷം പുതിയ കണക്ഷൻ ബി.എസ്.എൻ.എല്ലിന് ലഭിച്ചു.
2016ൽ സേവനം തുടങ്ങിയപ്പോൾ ആദ്യ ആറ് മാസത്തേക്ക് നിയന്ത്രണമില്ലാതെ 4ജി വാഗ്ദാനം ചെയ്ത ജിയോയാണ് ഇപ്പോൾ ബി.എസ്.എൻ.എല്ലിനെതിരെ രംഗത്തുവന്നത്. അന്ന് ഐഡിയയും എയർടെലും ജിയോക്കെതിരെ പരാതി ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. സമീപകാലത്ത് ജിയോക്കും എയർടെലിനുമെതിരെ വോഡഫോൺ ഐഡിയ ഉന്നയിച്ച പരാതിയിലും നടപടിയുണ്ടായില്ല. പുതിയ പരാതിയിൽ ബി.എസ്.എൻ.എല്ലിനെതിരെയും ട്രായിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാനിടയില്ലെന്നാണ് ടെലികോം വൃത്തങ്ങൾ പറയുന്നത്.





