ചിക്കൻ നാച്ചോസിന് പഴകിയ മണം; കൊച്ചി ലുലു പിവിആറിൽ നിന്ന് കേടായ ഭക്ഷണം ലഭിച്ചതായി പരാതി

0
16

കൊച്ചി: ലുലു പിവിആറിൽ നിന്ന് കേടായ ഭക്ഷണം ലഭിച്ചതായി പരാതി. കോട്ടയം മുണ്ടക്കയം സ്വദേശി നിതിനാണ് പഴകിയ ഭക്ഷണം ലഭിച്ചത്. ഇടവേളക്കിടെ ഓർഡർ ചെയ്ത ചിക്കൻ ചീസി നാച്ചോസിൽ നിന്ന് പഴകിയ മണം വന്നതായി നിതിൻ പറയുന്നു. ഭക്ഷണം കേടായതിന് റീഫണ്ട് തരാമെന്നായിരുന്നു പിവിആറിൻ്റെ പ്രതികരണം.

300 രൂപയോളം വില വരുന്ന ചിപ്‌സാണ് നിതിൻ പിവിആറിൽ നിന്നും വാങ്ങിയത്. ഭക്ഷണം ആദ്യം കഴിച്ചപ്പോൾ തന്നെ കേടായതായി മനസിലായിരുന്നുവെന്ന് നിതിൻ പറയുന്നു. പരാതി പറഞ്ഞിട്ടും ആദ്യഘട്ടത്തിൽ സ്റ്റാഫുകൾ നിതിനെ കേൾക്കാൻ തയ്യാറായില്ല.

“പരാതി പറഞ്ഞിട്ടും കുറെയധികം സമയം വെയിറ്റ് ചെയ്യിപ്പിച്ചു. പാക്ക് ചെയ്ത് വരുന്ന ചിക്കൻ ആണെന്നായിരുന്നു സ്റ്റാഫുകളുടെ പക്ഷം. ആ ഫുഡ് കഴിച്ചുനോക്കാനും അവർ സമ്മതിച്ചില്ല. ഭക്ഷണം ഓർഡർ ചെയ്തതിന്റെ ബില്ല് ചോദിച്ചപ്പോൾ തരാൻ കൂട്ടാക്കിയില്ല. ഒടുവിൽ നിയമനടപടി സ്വീകരിക്കും എന്ന് പറഞ്ഞപ്പോഴാണ് സ്റ്റാഫ് ബില്ല് തന്നത്,” നിതിൻ പറയുന്നു. വിഷയം നഗരസഭയിൽ അറിയിച്ചിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകാനാണ് ഉദ്ദേശമെന്നും നിതിൻ വ്യക്തമാക്കി.