മൂന്ന് ടേം വ്യവസ്ഥയിലെ ഇളവിൽ എതിർപ്പുമായി യൂത്ത് ലീഗ്; നേതൃത്വത്തെ വിയോജിപ്പ് അറിയിക്കും

0
66

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് നൽകാനുള്ള മുസ്ലീംലീഗ് നീക്കത്തിൽ യൂത്ത് ലീഗിന് എതിർപ്പ്. ലീഗ് നേൃത്വത്തെ നേരിൽ കണ്ട് വിയോജിപ്പ് അറിയിക്കും. വിഷയം ചർച്ച ചെയ്യാൻ ഇന്ന് മൂന്ന് മണിക്ക് മലപ്പുറത്ത് യോഗം വിളിച്ചിരിക്കുകയാണ് യൂത്ത് ലീഗ്.

മൂന്ന് ടേം വ്യവസ്ഥ കാരണം കഴിഞ്ഞ തവണ മാറി നിന്നവർക്ക് ഇത്തവണ ഇളവ് നൽകാനുള്ള ലീഗ് തീരുമാനമാണ് വിവാദമാകുന്നത്. ഇളവ് വരുത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിലും ഇളവ് നേടാൻ ലക്ഷ്യമിട്ടാണെന്ന വിമർശനവും ഉയരുന്നുണ്ട്.

യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് യോഗം. വിഷയത്തിൽ എതിർപ്പ് ലീഗ് നേതൃത്വത്തെ നേരിൽ കണ്ട് അറിയിക്കാനാണ് യൂത്ത് ലീഗ് തീരുമാനം.

അതേസമയം തീരുമാനത്തിൽ യാതൊരു മാറ്റവും ഇല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കഴിഞ്ഞ തവണ മാറി നിന്ന ആളുകൾ മത്സരിക്കാൻ ബന്ധപ്പെട്ട കമ്മിറ്റികൾ ഏകകണ്ഠമായി ശുപാർശ ചെയ്‌താൽ അത് പാർട്ടി പരിഗണിക്കും. മൂന്ന് തവണ ജനപ്രതിനിധികളായവർക്ക് ഇളവുണ്ടാകില്ലെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.