ദമാം: കിഴക്കൻ സഊദി അറേബ്യയിലെ ദമാമിൽ പ്രവാസിയായിരുന്ന തിരുവനന്തപുരം പേരൂർക്കട സ്വദേശി മുഹമ്മദ് സിറാജ് (70) ഫിലിപ്പൈൻസിലെ മനിലയിൽ നിര്യാതനായി. കമ്പനി ആവശ്യത്തിനായി മനിലയിൽ എത്തിയതായിരുന്നു അദ്ദേഹം. നാലര പതിറ്റാണ്ടിലധികമായി ഇദ്ദേഹം ദമാമിൽ പ്രവാസിയാണ്.
ഫിലിപ്പൈൻസിലെത്തിയ ഇദ്ദേഹത്തെ പനി ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില മോശമാവുകയും, പനി മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മുഹമ്മദ് സിറാജ് മരണപ്പെടുകയുമായിരുന്നു.
46 വർഷത്തോളമായി ബിൻ ഖുറയ്യ കമ്പനിയുടെ ഭാഗമായിരുന്നു മുഹമ്മദ് സിറാജ്. വർഷങ്ങളോളം എച്ച്.ആർ മാനേജർ പദവി വഹിച്ചിരുന്ന അദ്ദേഹം, നിലവിൽ കമ്പനിയുടെ സീനിയർ കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു. അബ്ഖേക്കിൽ ദീർഘകാലം ജോലി ചെയ്ത ശേഷം ഇപ്പോൾ ദമ്മാം റാക്കയിലായിരുന്നു താമസം.
മുഹമ്മദ് സാലി- സഫിയ ബീവി ദമ്പതികളുടെ മകനാണ്. ഫാത്തിമയാണ് ഭാര്യ. അൻവിൻ, അദ്നാൻ, നജ്ല എന്നിവർ മക്കളാണ്. ഡോ: റിൻസി, ഡോ. ആമിന, അർഷാദ് എന്നിവർ മരുമക്കളാണ്.
വിവരമറിഞ്ഞ് ഭാര്യയും മക്കളും മനിലയിൽ എത്തിയിട്ടുണ്ട്. നാട്ടിൽ ഖബറടക്കം നടത്താനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു. വലിയ സുഹൃദ് വലയത്തിന് ഉടമയായിരുന്ന മുഹമ്മദ് സിറാജിന്റെ വിയോഗം സഹപ്രവർത്തകരെയും സൗഹൃദവലയത്തെയും ദുഃഖത്തിലാഴ്ത്തി.