ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു വന്ന ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു. പൊലീസ്, ഫയര്‍ഫോഴ്സ് അംഗങ്ങള്‍ ചേര്‍ന്ന് തള്ളിനീക്കി. സുരക്ഷാ കാരണങ്ങളാൽ നിലയ്ക്കലിൽ നിന്ന് പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ലാന്‍ഡിങ് മാറ്റിയതായിരുന്നു കാരണം. ഇന്നു രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ഇട്ടത് .
തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം പത്തനംതിട്ടയിലെത്തിയ രാഷ്ട്രപതി റോഡ് മാര്‍ഗം പമ്പയിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് പ്രത്യേക വാഹനത്തിലാണ് സന്നിധാനത്തേക്ക് പോകുന്നത്. 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ദർശനത്തിനു ശേഷം ദേവസ്വം ഗസ്‌റ്റ് ഹൗസിലാണു ഭക്ഷണവും വിശ്രമവും. രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം നൽകും. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല.