സ്വകാര്യ മേഖലയിലെ അക്കൗണ്ടിങ് സ്വദേശിവത്കരിക്കരണം; ആദ്യഘട്ടം ഇന്ന് മുതൽ, മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ജോലി നഷ്ട്ടമാകും

0
14

റിയാദ്: സ്വകാര്യ മേഖലയിലെ അക്കൗണ്ടിങ് തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനത്തിന്റെ ആദ്യഘട്ടം ഇന്ന് മുതൽ ആരംഭിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാർ ജോലിയെടുക്കുന്ന സ്ഥാപനങ്ങളുടെ 40 ശതമാനം സ്വദേശിവത്കരിക്കുകയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നതെന്ന് വാണിജ്യ മന്ത്രാലയം വിശദീകരിച്ചു.

അക്കൗണ്ടിങ് തൊഴിലുകളെ സ്വദേശിവത്കരിക്കാനുള്ള തീരുമാനം രണ്ടാംഘട്ടത്തിൽ 50 ശതമാനം ആയി വർധിപ്പിക്കും. ഇത് 2026 ഒക്ടോബർ 27ന് നടപ്പാക്കും. 2027 ഒക്ടോബർ 27 മുതൽ നടപ്പാക്കുന്ന മൂന്നാംഘട്ടത്തിൽ 60 ശതമാനം ആയി വർധിപ്പിക്കും. 2028 ഒക്ടോബർ 27 ന് ആരംഭിക്കുന്ന നാലാംഘട്ടത്തിൽ ഇത് 70 ശതമാനമായി ഉയർത്തും.

അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്ഥാപനങ്ങളിൽ നാലാംഘട്ടം പ്രയോഗിക്കുന്നത് തുടരുമ്പോൾ തന്നെ മൂന്നോ നാലോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്ഥാപനങ്ങളുടെ 30 ശതമാനം സ്വദേശിവത്കരിക്കാനുള്ള അഞ്ചാംഘട്ടം നടപ്പാക്കുമെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു.

പുരുഷന്മാർക്കും സ്ത്രീകൾക്കും തൊഴിലവസരങ്ങൾ നൽകുക, സ്വകാര്യ മേഖലയിലെ അക്കൗണ്ടിങ് തൊഴിലുകളിൽ ദേശീയ കേഡറുകളുടെ പങ്കാളിത്തം വർധിപ്പിക്കുക, സാമ്പത്തിക വ്യവസ്ഥയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള സംഭാവന വർധിപ്പിക്കുക എന്നിവയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം. വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം എന്നിവയുമായി സഹകരിച്ചും പങ്കാളിത്തത്തിലും വിവിധ മേഖലകളിലായി 269 തൊഴിലുകളിൽ സ്വദേശിവത്കരണ നിരക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള പുതിയ തീരുമാനം കഴിഞ്ഞ ജനുവരിയിലാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്.

ഒക്ടോബറിൽ ആരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ഘട്ടമായി സ്വദേശിവത്കരണത്തിന്റെ ശതമാനം വർധിപ്പിക്കുന്നതിന് വാണിജ്യ മന്ത്രാലയവുമായി സഹകരണം സ്ഥാപിച്ചിട്ടുണ്ടെന്നും തീരുമാനത്തിന്റെ ആദ്യ ഘട്ടത്തിൽ അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് സ്വദേശിവത്കരണ ശതമാനം 40 ശതമാനമായി നിജപ്പെടുത്തുമെന്നും അവസാന ഘട്ടത്തിൽ ഇത് 70 ശതമായി ആയി ഉയരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അനേകം ഇന്ത്യക്കാരടക്കം നിരവധി വിദേശികൾ ജോലി ചെയ്യുന്ന മേഖലയാണ് അക്കൗണ്ടിങ് മേഖല. പുതിയ തീരുമാനം നടപ്പാക്കുന്നതോടെ അക്കൗണ്ടിങ് ജോലിയിലേർപ്പെട്ടുകൊണ്ടിരിക്കുന്ന നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും.