ദുബൈ: യുഎഇയുടെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 100 ദശലക്ഷം ദിർഹം ( 225 കോടി ഇന്ത്യൻ രൂപയോളം) സ്വന്തമാക്കിയ ആ ഭാഗ്യവാൻ ആരാണ് ? യുഎഇ നിവാസികൾക്കിടയിൽ ഈ ചർച്ചയാണ് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന് വരുന്നത്.
കഴിഞ്ഞ ശനിയാഴ്‌ച നടന്ന നറുക്കെടുപ്പിൽ അനിൽകുമാർ ബി എന്നയാളാണ് യുഎഇയുടെ ചരിത്രം തിരുത്തിക്കുറിച്ച് സമ്മാനം സ്വന്തമാക്കിയത്. പേര് നൽകുന്ന സൂചന പ്രകാരം വിജയി ഒരു ഇന്ത്യക്കാരനോ അല്ലെങ്കിൽ മലയാളി തന്നെയോ ആയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
വിജയിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് യുഎഇ ലോട്ടറി ഓപ്പറേറ്റർ ഇന്നലെ പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു. ലോട്ടറിയിൽ പങ്കെടുക്കാൻ
വയസ്സിനു മുകളിലുള്ള യുഎഇ നിവാസികൾക്ക് മാത്രമേ യോഗ്യതയുള്ളൂ എന്നതിനാൽ വിജയി എമിറേറ്റിൽ താമസിക്കുന്ന വ്യക്തിയാണെന്നത് ഉറപ്പാണ്. വിനോദസഞ്ചാരികൾക്ക് ഈ സമ്മാനം നേടാൻ കഴിയില്ല.
രാജ്യത്ത് ഇതുവരെ നൽകിയതിൽ വച്ച് ഏറ്റവും വലിയ ലോട്ടറി സമ്മാനമാണിത്. 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഒരു ടിക്കറ്റിന് മാത്രമാണ് ഈ വൻ തുക ലഭിച്ചത്. ഡേയ്സ്’ സെറ്റിൽ നിന്ന് 7, 10, 11, 18, 25, 29 എന്നീ നമ്പറുകളും ‘മന്ത്സ്’ സെറ്റിൽ നിന്ന് 11 എന്ന നമ്പറുമാണ് സമ്മാനാർഹമായത്. ഈ ജാക്ക്പോട്ട് നേടാനുള്ള സാധ്യത 8,835,372-ൽ 1 ആയിരുന്നു. ഒന്നിലധികം ടിക്കറ്റ് ഉടമകൾക്ക് ജാക്ക്പോട്ട് ലഭിക്കുകയാണെങ്കിൽ തുക തുല്യമായാണ് നൽകുക.
ടിക്കറ്റിലെ ഏഴ് അക്കങ്ങളും കൃത്യമായി ഒത്തുവന്നതോടെയാണ് ഒരു ഭാഗ്യശാലിക്ക് മുഴുവൻ സമ്മാനത്തുകയും സ്വന്തമായത്. മുഴുവൻ തുകയും വിജയിക്ക് സ്വന്തമായി ലഭിക്കുമെന്ന് യുഎഇ ലോട്ടറി അധികൃതർ ഔദ്യോഗികമായി അറിയിച്ചു. കൂടാതെ മൂന്ന് പേർക്ക് 100,000 ദിർഹം വീതവും മറ്റ് 7,145 പേർക്ക് 100 ദിർഹം മുതൽ 100,000 ദിർഹം വരെയുള്ളസമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.