സഊദിയിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയാൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; പ്രതികൾക്ക് ഒരു വർഷം തടവ്, അഞ്ച് ലക്ഷം റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ

0
7

റിയാദ്: ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ച് മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സഊദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൈബർ കുറ്റകൃത്യവും ശിക്ഷാ നടപടികളും

സാങ്കേതികവിദ്യകൾ ഉപയോ​ഗിച്ച് വ്യക്തികളെ അപകീർത്തിപ്പെടുത്തുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നത് സൈബർ കുറ്റകൃത്യമായി കണക്കാക്കും. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല സഊദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

സാങ്കേതികവിദ്യകൾ മറ്റുള്ളവരെ ദ്രോഹിക്കുന്നതിനും, ഹാനികരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനും വേണ്ടി ഉപയോ​ഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്. സഊദി നിയമങ്ങൾ എല്ലായിപ്പോഴും പ്രാധാന്യം നൽകുന്നത് വ്യക്തികളുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിക്കുന്നതിനാണ്.

ആന്റി സൈബർക്രൈം നിയമത്തിലെ വ്യവസ്ഥകൾ

സഊദി ആന്റി സൈബർക്രൈം നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികൾ പ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരി​ക്കുമെന്ന് അധികൃതർ അറിയിച്ചു.

മറ്റുള്ളവരുടെ സ്വകാര്യതയെയോ പ്രശസ്തിയെയോ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി മൊബൈൽ ഫോണുകളോ മറ്റ് ആധുനിക സാങ്കേതിക ഉപകരണങ്ങളോ ദുരുപയോഗം ചെയ്യുന്നത് സഊദി ആന്റി സൈബർക്രൈം നിയമത്തിലെ ആർട്ടിക്കിൾ മൂന്ന് പ്രകാരം ശിക്ഷാർഹമാണ്.

ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് ഒരു വർഷം വരെ തടവോ, അഞ്ച് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്.