ബംഗളൂരു: യുവതിയെ കൊലപ്പെടുത്തി മരണകാരണം വൈദ്യുതാഘാതമേറ്റതായി വരുത്തി തീർക്കാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ബംഗളൂരുവിൽ വിജയനഗര ജില്ലയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതിയും യുവതിയും തമ്മിൽ പരിചയപ്പെട്ടത്. ഇരുവരുടെയും വിവാഹം ഒമ്പത് മാസം മുമ്പാണ് നടന്നത്.
ആദ്യ വിവാഹത്തിൽ യുവതിക്ക് 15 വയസുള്ള മകളുണ്ട്. ഒക്ടോബർ 15നാണ് യുവതിയെ അപാർട്മെന്‍റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാട്ടർ ഹീറ്ററിൽ നിന്നുള്ള വൈദ്യുതാഘാതം മൂലമാണ് മരിച്ചതെന്ന് യുവാവ്(31) കുടുംബാംഗങ്ങളോട് പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും താൻ പുറത്ത് പോയി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ കുളിമുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും യുവതിയുടെ മകൾ വെളിപ്പെടുത്തിയതോടെ പൊലീസിന് സംശയം തോന്നി.
യുവതിയുടെ സഹോദരിയുടെ പരാതിയെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഭാര്യക്ക് അവിഹിതം ആരോപിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കുന്ന തരത്തിൽ ചിത്രീകരിക്കുകയായിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയെ ഒക്ടോബർ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.





