ഇൻസ്റ്റാഗ്രാം വഴി പരിചയം, വിവാഹം കഴിഞ്ഞിട്ട് 9 മാസം; ഭാര്യയെ കൊലപ്പെടുത്തി

0
10

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മരണം വൈദ്യുതാഘാതമേറ്റാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ‌. വിജയനഗര ജില്ലയിൽ നിന്നുള്ള 32 കാരനായ പ്രതി ഇരയെ ഒൻപത് മാസം മുൻപാണ് വിവാഹം കഴിച്ചത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഇരുവരുടെയും ബന്ധം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. 

യുവതിയ്ക്ക് ആദ്യ വിവാഹത്തിൽ 15 വയസ്സായ മകളുണ്ട്. ബെംഗളൂരുവിലെ മരഗൊണ്ടനഹള്ളിയിലെ അപ്പാർട്ട്മെന്റിലെ കുളിമുറിയിൽ മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വാട്ടർ ഹീറ്ററിൽ നിന്നുള്ള വൈദ്യുതാഘാതം മൂലമാണ് ഭാര്യ മരിച്ചതെന്ന് ഭർത്താവ് കുടുംബാംഗങ്ങളോട് പറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നെന്നും താൻ വീട്ടിൽ നിന്നും പുറത്തുപോയപ്പോൾ ശുചിമുറിയുടെ വാതിൽ പുറത്തുനിന്നും പൂട്ടിയിരുന്നുവെന്നും ഇരയുടെ മകൾ വെളിപ്പെടുത്തിയതോടെ പൊലീസിനു സംശയം തോന്നുകയായിരുന്നു.

ഇരയുടെ സഹോദരിയുടെ പരാതിയെത്തുടർന്ന്, പോലീസ് കേസ് റജിസ്റ്റർ ചെയ്ത് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായും സംഭവം ഒരു അപകടമാണെന്ന് വരുത്തിത്തീർത്തതായും പ്രതി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.